ന്യൂഡൽഹി
ബിജെപിയുടെ വർഗീയരാഷ്ട്രീയത്തിനെതിരായി ദേശീയതലത്തിൽ രൂപപ്പെട്ട പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യിലേക്ക് കൂടുതൽ പാർടികൾ എത്തുന്നു. എൻഡിഎയിൽ നിന്നടക്കം ചില പാർടികൾ പ്രതിപക്ഷ കൂട്ടായ്മയിലേക്ക് എത്തുമെന്നാണ് സൂചന. കൂടുതൽ പാർടികൾ ‘ഇന്ത്യ’യുടെ ഭാഗമാകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ആഗസ്ത് 31, സെപ്തംബർ ഒന്ന് തീയതികളിലായി മുംബൈയിലാണ് മൂന്നാമത് ‘ഇന്ത്യ’ യോഗം. ഏകോപനസമിതിയുടെയും ഉപസമിതികളുടെയും രൂപീകരണം, പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം നൽകൽ, കൂട്ടായ്മയ്ക്ക് പൊതുലോഗോ, സംയുക്ത പ്രചാരണ പരിപാടികൾ എന്നിവയാണ് പ്രധാന അജൻഡ.
ജൂൺ 23ന് പട്നയിൽ ചേർന്ന ‘ഇന്ത്യ’ കൂട്ടായ്മയുടെ ആദ്യ യോഗത്തിൽ 16 രാഷ്ട്രീയ പാർടികളാണ് പങ്കെടുത്തത്. ജൂലൈ 17, 18 തീയതികളിൽ ബംഗളൂരുവിൽ ചേർന്ന രണ്ടാം യോഗത്തിൽ 26 പാർടികളുടെ പ്രതിനിധികൾ പങ്കെടുത്തു. മുംബൈയിലെ യോഗം കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും എൻസിപി പവാർ വിഭാഗവും ചേർന്നാണ് സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര ശേത്കാരി ദൾ മുംബൈ യോഗത്തിൽ പങ്കെടുക്കും. എൻഡിഎയിലെ നാല്, അഞ്ച് പാർടികൾ ‘ഇന്ത്യ’ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അലോക് ശർമ നാഗ്പ്പുരിൽ പറഞ്ഞു. ഇതിൽ ചില പാർടികൾ വൈകാതെ പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമാകും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ചില പാർടികൾകൂടി എത്തുമെന്നും അലോക് ശർമ പറഞ്ഞു.
‘ഇന്ത്യ’ കൂട്ടായ്മയുടെ യോഗം ചേർന്നതോടെ എൻഡിഎ ഭീതിയിലാണെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ തോൽക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. താൻ വ്യക്തിപരമായി ഒന്നും ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് ചോദിച്ചപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. എല്ലാവരെയും യോജിപ്പിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നിതീഷ് കൂട്ടിച്ചേർത്തു. ‘ഇന്ത്യ’ കൂട്ടായ്മയുടെ കൺവീനറായി നിതീഷ് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.