തിരുവനന്തപുരം
ഓണാഘോഷച്ചെലവുകൾക്കായി സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയത് 18,000 കോടി രൂപ. 60 ലക്ഷത്തിലധികം പേർക്ക് 3200 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 1900 കോടിയാണ് അനുവദിച്ചത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർക്കും വിവിധ ആനുകൂല്യങ്ങൾ നൽകാൻ 630 കോടി ചെലവഴിച്ചു.
കേന്ദ്ര സർക്കാരിന്റെ നയങ്ങളും നടപടികളുംമൂലം സാമ്പത്തികഞെരുക്കം ഉണ്ടായപ്പോഴും ഒരുകുറവും വരുത്താതെ ഓണം ആനുകൂല്യങ്ങൾ നൽകാൻ കഴിഞ്ഞതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിപണി ഇടപെടലുകൾക്കുമാത്രം 400 കോടി രൂപ ചെലവഴിച്ചു. ഇതുവഴി രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും കേരളത്തിൽ പിടിച്ചുനിർത്താനായി. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം.
കൺസ്യൂമർഫെഡ് 1500ഉം സപ്ലൈകോ 1600 ഉം ഓണച്ചന്ത സജ്ജീകരിച്ചു. കൃഷിവകുപ്പ് നേരിട്ടും ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവ മുഖേനയും 2000 കർഷകച്ചന്തയും ആരംഭിച്ചു. 13 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും ഫെസ്റ്റിവൽ അഡ്വാൻസും അനുവദിച്ചു. ബോണസായി 4000 രൂപ വീതവും അഡ്വാൻസായി 20,000 രൂപ വീതവും നൽകി. പെൻഷൻകാർക്ക് ഉത്സവബത്തയായി 1000 രൂപ വീതവും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസായി 6000 രൂപയും നൽകി.
4.6 ലക്ഷം തൊഴിലുറപ്പുതൊഴിലാളികൾക്ക് 1000 രൂപ വീതം ഉത്സവബത്ത നൽകാൻ 46 കോടി ചെലവഴിച്ചു. ലോട്ടറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ബോണസായി 6000 രൂപ വീതവും പെൻഷൻകാർക്ക് 2000 രൂപ വീതവും നൽകി. ഇതിനായി 24 കോടി അനുവദിച്ചു. സർക്കാർ ഏറ്റവും കൂടുതൽ ചെലവഴിച്ച ഓണമാണ് ഈ വർഷത്തേതെന്നും മന്ത്രി പറഞ്ഞു.















