മൂവാറ്റുപുഴ
സ്വകാര്യ കമ്പനിയിൽനിന്ന് അനധികൃതമായി പണം വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി വീണയ്ക്കുമെതിരായ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.
12 പേരെ പ്രതിയാക്കി കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയാണ് തള്ളിയത്. വിജിലൻസ് സ്പെഷ്യൽ ജഡ്ജി എൻ വി രാജുവാണ് വിധി പറഞ്ഞത്. ഹർജിയിലെ ആരോപണങ്ങൾ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻതക്ക ഗൗരവമുള്ളതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കമ്പനിക്ക് നൽകിയ ആനുകൂല്യങ്ങൾക്കുള്ള പ്രതിഫലമായി പണം കൈപ്പറ്റിയെന്നത് വെറും ആരോപണമാണ്. ഇത് അടിസ്ഥാനമാക്കി അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ നടപടി ആരംഭിക്കാനാകില്ല. എന്ത് ആനുകൂല്യത്തിനായാണ് കമ്പനി പണം നൽകിയതെന്ന് വെളിപ്പെടുത്താനോ തെളിവുകൾ ഹാജരാക്കാനോ ഹർജിക്കാരനു സാധിച്ചില്ല.
മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗംചെയ്ത് എന്തെങ്കിലും ആനുകൂല്യം കമ്പനിയ്ക്ക് നൽകിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുത്താനായിട്ടില്ല. ബുധനാഴ്ച ഹർജി നൽകിയെങ്കിലും ന്യൂനതകളുള്ളതിനാൽ കോടതി ഫയലിൽ സ്വീകരിച്ചിരുന്നില്ല. വ്യാഴാഴ്ചയാണ് സ്വീകരിച്ചത്.















