പെരുമ്പാവൂർ
ടോറസ് ലോറിയിടിച്ച് മരിച്ച ഡോ. ക്രിസ്റ്റിയുടെ വേർപാട് കാഞ്ഞൂരിനെയും പെരുമ്പാവൂരിനെയും ദുഃഖത്തിലാഴ്ത്തി. വൃദ്ധരോഗികളുടെ കാവൽമാലാഖയായി വാഴ്ത്തപ്പെട്ടിരുന്ന ക്രിസ്റ്റി സ്നേഹംകൊണ്ടാണ് രോഗത്തെ കീഴ്പെടുത്തുന്നതെന്ന് രോഗികൾ പറയുന്നു.
രോഗികളോടുള്ള കരുണയും അവർക്ക് നൽകിയ സഹായങ്ങളുമാണ് ക്രിസ്റ്റിയെ ജനകീയ ഡോക്ടറെന്ന വിശേഷണത്തിന് അർഹയാക്കിയത്. പെരുമാറ്റംകൊണ്ടും ചികിത്സകൊണ്ടും രോഗികളെ ആകർഷിച്ചിരുന്നു.
കിലോമീറ്ററുകളോളം താണ്ടി രോഗികളെത്തും. അപകടത്തിന്റെ വിവരമറിയാതെ ശനി രാവിലെ ഒക്കൽ കാരിക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ രോഗികൾ കാത്തിരിപ്പുണ്ടായിരുന്നു. കാലടി, മലയാറ്റൂർ, കാഞ്ഞൂർ ചൊവ്വര ഭാഗങ്ങളിൽനിന്ന് രോഗികൾ വരാറുണ്ട്. പൊതുപരിപാടികളിലും ആഘോഷങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ക്രിസ്റ്റിയുടെ വേർപാട് പൊതുപ്രവർത്തകരെയും സങ്കടത്തിലാക്കി.
കാഞ്ഞൂർ കാലടി വഴി 10 കിലോമീറ്റർ അച്ഛൻ ജോസിന്റെ പിന്നിലിരുന്നാണ് ഒക്കലിലെ ആശുപത്രിയിൽ എത്തിയിരുന്നത്. എംസി റോഡിൽ വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്കും അപകടമുണ്ടാക്കിയ ലോറിഡ്രൈവറുടെ അശ്രദ്ധയുമാണ് ക്രിസ്റ്റിയുടെ ജീവൻ കവർന്നത്. സ്കൂട്ടറിന്റെ പിന്നിൽ നിർത്തിയിട്ടിരുന്ന ലോറി ഗതാഗതക്കുരുക്കഴിഞ്ഞപ്പോൾ പെട്ടെന്ന് മുന്നോട്ടെടുത്തു.
ലോറിക്ക് ഉയരം കൂടുതലായതിനാൽ മുമ്പിൽ നിർത്തിയിരുന്ന സ്കൂട്ടർ ഡ്രൈവർ ശ്രദ്ധിച്ചില്ല. അപകടത്തിൽ ക്രിസ്റ്റി ലോറിയുടെ അടിയിലേക്ക് വീണു. നാട്ടുകാർ ബഹളംവച്ചെങ്കിലും ഡ്രൈവർ ഇരിക്കുന്ന ക്യാബിന്റെ ഡോറുകൾ ലോക്കായിരുന്നതിനാൽ ഡ്രൈവർ കേട്ടില്ല. ഒരുവർഷത്തിനിടയിൽ പെരുമ്പാവൂർമുതൽ താന്നിപ്പുഴവരെ അഞ്ചുപേർക്കാണ് ഡ്രൈവർമാരുടെ അശ്രദ്ധമൂലം ജീവൻ പൊലിഞ്ഞത്.















