തിരുവനന്തപുരം
ഓണക്കാലത്ത് മിൽമ ലക്ഷ്യമിടുന്നത് ഒരുകോടി ലിറ്റർ അധിക പാൽവിൽപ്പന. ഇതിനായി കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് പാൽ എത്തിച്ചുതുടങ്ങി. 2022ൽ 1.85 കോടി ലിറ്റർ പാൽവിൽപ്പന നടന്നു. ഈ വർഷം ഇത് 2.8 കോടിയായി ഉയരും. 12 ശതമാനം പാലിന്റെയും 18 ശതമാനം തൈരിന്റെയും അധിക വിൽപ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. നിലവിൽ പ്രതിദിനം 14.5 ലക്ഷം ലിറ്റർ പാലാണ് മൂന്നു മേഖല യൂണിയനും ചേർന്ന് സംഭരിക്കുന്നത്. വിൽപ്പന 16 ലക്ഷമാണ്. 2019ൽനിന്ന് സംഭരണത്തിൽ രണ്ടുലക്ഷം ലിറ്ററിന്റെ വർധനയുണ്ടായി.
സംഭരണം കൂട്ടും
പാൽ ഉൽപ്പാദനക്ഷമതയിൽ രണ്ടാംസ്ഥാനത്താണ് കേരളം. ഒരു പശുവിൽനിന്ന് ശരാശരി 10 ലിറ്റർ പാൽ കിട്ടുന്നെന്നാണ് കണക്ക്. ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ കറവ സമയം കൂട്ടാനും കന്നുകുട്ടിക്ക് മിൽക്ക് റിപ്ലേസർ (കുപ്പിപ്പാൽ) നൽകാനും മിൽമ ശ്രമിച്ചുവരികയാണ്. വയനാട്ടിൽ നടത്തിയ പരീക്ഷണത്തിൽ 10 ശതമാനം ഉൽപ്പാദനം വർധിച്ചിരുന്നു. പാലിന്റെ ഗുണമേന്മയും കൂടി. കന്ന് കുട്ടി ദിവസവും രണ്ട് ലിറ്റർ പാൽ കുടിക്കുന്നുണ്ടെന്നാണ് കണക്ക്.
|
മിൽക്ക് റിപ്ലേസർ തയ്യാറാക്കുന്നതിനുള്ള ചെലവ് 15 രൂപയാണ്. രണ്ട് ലിറ്റർ പാലിന് കർഷകന് ശരാശരി 85 –-90 രൂപ ലഭിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.















