ന്യൂഡൽഹി
അയച്ച കത്തുകൾക്ക് മറുപടി തന്നില്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ശുപാർശ നൽകുമെന്ന പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ ഭീഷണിക്ക് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി ഭഗവത് മൻ. ഗവർണർ പഞ്ചാബിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മൻ പറഞ്ഞു. ഗവർണർ തനിക്കയച്ച 16ൽ ഒമ്പത് കത്തിന് മറുപടി നൽകിയെന്നും ബാക്കിയുള്ളതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മൻ മാധ്യമങ്ങളോട് പറഞ്ഞു.
അടിച്ചമർത്തിയാൽ തിരിച്ചടിക്കാൻ പഞ്ചാബികൾക്ക് നന്നായി അറിയാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ ബോധപൂർവം ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ക്രമസമാധാനനില പൂർണ നിയന്ത്രണത്തിലാണെന്നും -മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഇതര സർക്കാരുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഗവർണർമാർ കേന്ദ്രത്തിന്റെ പാവകളായി പ്രവർത്തിക്കുകയാണെന്നും മൻ പറഞ്ഞു.
കലാപം പൊട്ടിപ്പുറപ്പെട്ട ബിജെപി ഭരിക്കുന്ന മണിപ്പുരിലും ഹരിയാനയിലും ആദ്യം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് എഎപി പരിഹസിച്ചു. ബിജെപി വക്താവിനെപ്പോലെയാണ് ഗവർണർ പെരുമാറുന്നതെന്നും എഎപി കുറ്റപ്പെടുത്തി.