പാലക്കാട്
നെല്ലിന്റെ സംഭരണവില ഓണത്തിനുമുമ്പ് നൽകാതെ കർഷകരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രിസഭയിലും ഉന്നതതല യോഗത്തിലുമെടുത്ത തീരുമാനമാണ് ഓണത്തിനുമുമ്പ് നെല്ലുവില കുടിശ്ശിക കൊടുത്തുതീർക്കാൻ. ദേശസാൽകൃത ബാങ്കുകളും കേന്ദ്രസർക്കാരും വരുത്തിവച്ച ഗുരുതര വീഴ്ചയാണ് കർഷകർക്ക് നെല്ലിന്റെ വില കൊടുക്കാനാകാത്തത്. നേരത്തേ സഹകരണ ബാങ്കുകൾ ആക്ഷേപമില്ലാതെ തുക കൊടുത്തതാണ്.
ഇതു മാറ്റി ദേശസാൽകൃത ബാങ്കുകളുടെ കൺസോഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളെക്കാൾ രണ്ട് ശതമാനം അധികപലിശയ്ക്കാണ് തുക വായ്പയെടുക്കുന്നത്. കുടിശ്ശികയുള്ള സംഭരണവില പൂർണമായും കൊടുക്കാൻ നടപടിയെടുക്കാനും കൺസോഷ്യത്തോട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചതാണ്. ഇനിയങ്ങോട്ടുള്ള സംഭരണം പൂർണമായും സഹകരണ ബാങ്കുകൾ മുഖേനയാക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ യോഗത്തിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നത്. 400 കോടി രൂപ കേന്ദ്രസർക്കാർ തരാനുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഓണത്തിനുമുമ്പ് വില കൊടുത്തുതീർക്കാൻ സർക്കാർ നടപടിയെടുക്കണം. ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രിയും വകുപ്പും യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.