ന്യൂഡൽഹി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്ത 5906 കേസിൽ തീർപ്പാക്കിയത് 25 കേസുമാത്രം. മൊത്തം കേസുകളുടെ 0.42 ശതമാനം മാത്രമാണ് 17 വർഷത്തിനിടെ ഇഡി തീർപ്പാക്കിയത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദി സർക്കാരിന്റെ പ്രധാന ആയുധമായ അന്വേഷണഏജൻസിയുടെ കഴിവില്ലായ്മയ്ക്കുനേരെ വിരൽചൂണ്ടുന്നതാണ് പുറത്തുവന്ന കണക്ക്. പ്രതിപക്ഷപാർടി നേതാക്കളെ തെരഞ്ഞുപിടിച്ച് കേസെടുക്കുകയും റെയ്ഡ് നടത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും മാത്രമാണ് മോദി സർക്കാരിനു കീഴിൽ ഇഡിയുടെ ജോലി.
‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് പ്രകാരം 2014നുശേഷം ഇഡി രാഷ്ട്രീയ നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നാലുമടങ്ങ് വർധനയുണ്ടായി. 2014നുശേഷം 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി അന്വേഷണം നടത്തിയിട്ടുണ്ട്. അതിൽ 115 പേരും പ്രതിപക്ഷപാർടി നേതാക്കളാണ്.
യുപിഎ സർക്കാർ 2004 മുതൽ 2014 വരെ ഭരിച്ചിരുന്നപ്പോൾ 26 നേതാക്കൾക്കെതിരെ മാത്രമാണ് ഇഡി അന്വേഷണം നടത്തിയത്. ഇതിൽ 14 പേർ (54 ശതമാനം) പ്രതിപക്ഷത്തുനിന്ന് ഉള്ളവരായിരുന്നു. 2005ൽ നിലവിൽ വന്ന പുതിയ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമാണ് (പിഎംഎൽഎ) ഇഡിക്ക് വിശാലമായ അധികാരങ്ങൾ പതിച്ചുനൽകിയത്. ഈ നിയമത്തിലൂടെ ജാമ്യവ്യവസ്ഥകൾ കർശനമായി. അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള കൂടുതൽ അധികാരങ്ങളും ലഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ കൊടുക്കുന്ന മൊഴികൾ കോടതികളിൽ സമർപ്പിക്കാവുന്ന തെളിവായി. ഇഡിയുടെ രാഷ്ട്രീയവേട്ട പ്രതിപക്ഷ പാർടികൾ പല പ്രാവശ്യം പാർലമെന്റിൽ ഉന്നയിച്ചു. അതോടൊപ്പം, സുപ്രീംകോടതിയിലും ഇഡിയുടെ അധികാരങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ, 2022 ജൂലൈയിൽ ഇഡിയുടെ വിശാലമായ അധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചു. ചട്ടങ്ങൾ മറികടന്ന് മോദി സർക്കാരിന്റെ ഇഷ്ടക്കാരനായ എസ് കെ മിശ്രയ്ക്ക് ഇഡി മേധാവിയായി പല പ്രാവശ്യം കാലാവധി നീട്ടി നൽകിയ നടപടിയും വിവാദമായിരുന്നു.