ന്യൂഡൽഹി
എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഓഫ് ഇന്ത്യ (സിഐഒ) എന്ന പുതിയ പദവി ഒരുക്കാൻ മോദി സർക്കാർ നീക്കമാരംഭിച്ചതിനു പിന്നാലെ പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഇടപെടൽ സജീവമാക്കി ഇഡി. കേരളത്തിനുപുറമെ ഛത്തീസ്ഗഢ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പ്രതിപക്ഷ വേട്ട ശക്തമാക്കി. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും നീക്കങ്ങൾ തുടരുകയാണ്. ദേശീയതലത്തിൽ എൻഡിഎയ്ക്ക് വിരുദ്ധമായി ‘ഇന്ത്യ’ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടതോടെ ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഇടപെടൽ തീവ്രമായി.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ എസ് കെ മിശ്ര 2018ൽ ഡയറക്ടർ സ്ഥാനത്ത് എത്തിയതു മുതലാണ് തീർത്തും രാഷ്ട്രീയതാൽപ്പര്യങ്ങളോടെ പ്രവർത്തിക്കുന്ന ഏജൻസിയായി ഇഡി തരംതാഴ്ന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം, ഡി കെ ശിവകുമാർ, ശരത് പവാർ, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മനീഷ് സിസോദിയ, തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി തുടങ്ങി നിരവധി നേതാക്കൾ റെയ്ഡിനും ചോദ്യംചെയ്യലിനുമെല്ലാം വിധേയമായി. ചിദംബരം, ശിവകുമാർ തുടങ്ങിയവർക്ക് ജയിൽവാസം അനുഭവിക്കേണ്ടതായി വന്നു. സിസോദിയ ഇപ്പോഴും ജയിലിലാണ്.
എസ് കെ മിശ്ര ചുമതലയേറ്റതിനുശേഷം 120ലേറെ രാഷ്ട്രീയ നേതാക്കൾ ചോദ്യംചെയ്യലിനോ റെയ്ഡിനോ അറസ്റ്റിനോ വിധേയമായി. ഇവരെല്ലാംതന്നെ പ്രതിപക്ഷ പാർടികളിൽനിന്നുള്ള നേതാക്കളായിരുന്നു. പല ബിജെപി നേതാക്കൾക്കെതിരെയും ഗുരുതര ആരോപണം ഉയർന്നിട്ടും ഇഡി തിരിഞ്ഞുനോക്കിയില്ല. രണ്ടുവട്ടം കാലാവധി നീട്ടിയശേഷവും എസ് കെ മിശ്രയെ ഇഡി ഡയറക്ടർ സ്ഥാനത്ത് നിലനിർത്താനുള്ള കേന്ദ്രനീക്കം സുപ്രീംകോടതിയാണ് തടഞ്ഞത്. സെപ്തംബർ 15ഓടെ മിശ്ര ഒഴിഞ്ഞേ തീരൂവെന്ന് സുപ്രീംകോടതി നിലപാടെടുത്തു. ഇതോടെയാണ് സിബിഐയുടെയും ഇഡിയുടെയും തലപ്പത്തായി വരുന്ന സിഐഒ പദവി സൃഷ്ടിച്ച് മിശ്രയെ നിയമിക്കാനുള്ള നീക്കം.