ന്യൂഡൽഹി
മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളിലെ വിചാരണ നടപടികൾ അസമിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം. മണിപ്പുരിലെ നിലവിലെ സാഹചര്യത്തിൽ നീതി ഉറപ്പാക്കാൻ ഈ നടപടി അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തിയതടക്കം 17 കേസാണ് സിബിഐ അന്വേഷിക്കുന്നത്.
കേസുകളിലെ തുടർനടപടി ഗുവാഹത്തിയിലെ കോടതികൾക്ക് കൈമാറാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദേശം നൽകി. പ്രതികളെ ഹാജരാക്കൽ, വാറന്റ് പുറപ്പെടുവിക്കൽ, ജുഡീഷ്യൽ കസ്റ്റഡി, കസ്റ്റഡി കാലാവധി നീട്ടൽ, റിമാൻഡ് തുടങ്ങിയവ ഓൺലൈൻ മുഖേന പൂർത്തിയാക്കാം. മണിപ്പുരിലെ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിങ് വഴി തിരിച്ചറിയൽ പരേഡുകളും നടത്താം. ഇരകൾക്കും സാക്ഷികൾക്കും വീഡിയോ കോൺഫറൻസിങ് വഴി മൊഴികൾ രേഖപ്പെടുത്താമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്തയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ നിർദേശം.
ഇരകൾക്കും ചില ഗോത്രസംഘടനകൾക്കുംവേണ്ടി ഹാജരായ അഭിഭാഷകരായ കോളിൻഗോൺസാൽവസ്, വൃന്ദാഗ്രോവർ, സി യു സിങ്, നിസാംപാഷ തുടങ്ങിയവർ ശക്തമായി എതിർത്തു. അസമിലേക്ക് മാറ്റിയാൽ ഇരകൾക്കും സാക്ഷികൾക്കും മറ്റും അങ്ങോട്ടേക്ക് യാത്ര ചെയ്യേണ്ടി വരും. ഭാഷ ഉൾപ്പെടെ വലിയ തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടി. അത്യാവശ്യമെങ്കിൽ, കേസുകൾ മേഘാലയയിലേക്കോ മിസോറമിലേക്കോ മാറ്റാമെന്നും അഭിഭാഷകർ പറഞ്ഞു. എന്നാൽ, അസം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.