ബുഡാപെസ്റ്റ്
മിൽതിയാഡിസ് ടെൻഡോഗ്ലു ജമ്പിങ്പിറ്റിൽ ഉദിച്ചു. പുരുഷ ലോങ്ജമ്പിലെ ലോകചാമ്പ്യൻ. അവസാന ചാട്ടത്തിൽ 8.52 മീറ്റർ മറികടന്നാണ് ഗ്രീക്കുകാരന്റെ നേട്ടം. ജമൈക്കക്കാരായ വെയ്ൻ പിന്നോക് (8.50) വെള്ളിയും തജയ് ഗെയ്ൽ (8.27) വെങ്കലവും നേടി. ഇതോടെ ടെൻഡോഗ്ലുവിന് എല്ലാ ലോകകിരീടങ്ങളുമായി. ഒളിമ്പിക് ചാമ്പ്യനായ ഇരുപത്തഞ്ചുകാരൻ കഴിഞ്ഞതവണ അവസാന നിമിഷം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
12 പേർ അണിനിരന്ന ഫൈനലിൽ ആദ്യചാട്ടത്തിൽ 8.50 മീറ്റർ മറികടന്ന് ടെൻഡോഗ്ലു അപകടസൂചന നൽകിയിരുന്നു. എന്നാൽ, വെയ്ൻ പിന്നോക് രണ്ടാമത്തെ ചാട്ടത്തിൽ ആ ലക്ഷ്യത്തിലെത്തി. ടെൻഡോഗ്ലുവിന്റെ രണ്ടാംചാട്ടം ഫൗളായി. അടുത്തത് 8.39 മീറ്റർ. വീണ്ടും ഫൗൾ. അടുത്തത് 8.32. വെയ്ൻ പിന്നോക്കിന്റെ മികച്ച രണ്ടാമത്തെ ചാട്ടം ടെൻഡൊഗ്ലുവിനേക്കാൾ ഒരു സെന്റിമീറ്റർ അധികം 8.40 മീറ്ററായിരുന്നു. അതിനാൽ ഗ്രീക്കുകാരന് ആദ്യസ്വർണത്തിന് വൻ കുതിപ്പ് ആവശ്യമായിരുന്നു. അതാണ് അവസാന ചാട്ടത്തിൽ സാധ്യമായത്. പിന്നോക് അവസാന അവസരത്തിൽ ശ്രമിച്ചെങ്കിലും 8.38 മീറ്ററിൽ അവസാനിച്ചു.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ജമൈക്കയുടെ ഡാനിയേല വില്യംസ് 12.43 സെക്കൻഡിൽ സ്വർണം നേടി. ഒളിമ്പിക് ചാമ്പ്യൻ പോർട്ടോറിക്കോയുടെ ജാസ്മിൻ കമായോ രണ്ടാമതായി. അമേരിക്കയുടെ കെൻഡ്ര ഹാരിസന് വെങ്കലം. 400 മീറ്റർ ഹർഡിൽസിൽ നെതർലൻഡുകാരി ഫെംകി ബോൾ സ്വർണം കരസ്ഥമാക്കി. മിക്സ്ഡ് റിലേയിൽ സ്വർണത്തിനരികെ ട്രാക്കിൽ വീണ ഫെംകിയ്ക്ക് ഈ വിജയം ആശ്വാസമായി.
പുരുഷന്മാരുടെ 400 മീറ്ററിൽ ജമൈക്കയുടെ അന്റോണിയോ വാട്സൻ സ്വർണം സ്വന്തമാക്കി. ചാമ്പ്യൻഷിപ് നാളെ അവസാനിക്കും. ഇന്ന് പുരുഷ പോൾവോൾട്ടും 4 x 100 മീറ്റർ റിലേയുമടക്കം ഏഴിനങ്ങളിൽ ഫൈനലുണ്ട്. ഇന്ത്യക്ക് പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേ ഹീറ്റ്സുണ്ട്. രാത്രി 11നാണ് മത്സരം.