കൊൽക്കത്ത
ഗോകുലം കേരളയെ 2–-1ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ ഡ്യുറൻഡ് കപ്പ് ഫുട്ബോൾ സെമിയിൽ. ജോർദാൻ എൽസെയുടെ ഹെഡ്ഡറിൽ ഒന്നാംമിനിറ്റിൽ ഈസ്റ്റ് ബംഗാൾ ലീഡെടുത്തു. ഗോകുലം പ്രതിരോധക്കാരൻ ബൗബ അമീനു ഒരേസമയം നായകനും വില്ലനുമായി. ഈ കാമറൂൺ പ്രതിരോധക്കാരനിലൂടെയായിരുന്നു സമനില പിടിച്ചത്. കളി തീരാൻ 12 മിനിറ്റ് ബാക്കിനിൽക്കെ ബൗബയുടെ പിഴവുഗോളിൽ ഈസ്റ്റ് ബംഗാൾ ജയം പിടിച്ചു.
ഡ്യുറൻഡ് കപ്പിൽ 16 തവണ ജേതാക്കളാണ് കൊൽക്കത്തക്കാർ. ഇത്തവണ പുതിയ പരിശീലകൻ കാൾസ് കുദ്രത്തിനുകീഴിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.ഇന്ന് മൂന്നാംക്വാർട്ടറിൽ ചെന്നൈയിൻ എഫ്സി എഫ്സി ഗോവയുമായി ഏറ്റുമുട്ടും. വൈകിട്ട് ആറിന് സോണി നെറ്റ്വർക്കിലും സോണി ലിവിലും കാണാം.