കൊച്ചി
ജീവിതത്തിലേക്കുള്ള സിദ്ധാർഥിന്റെ തിരിച്ചുവരവുപോലെ ആവേശകരമാണ് പ്രതിസന്ധികളെ കരുത്തോടെ നേരിട്ടുകൊണ്ടുള്ള അതിജീവനവും. കഴിഞ്ഞ നവംബറിൽ ഗുജറാത്തിലെ സൂറത്തിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് ഇരുകാലുകളും നഷ്ടമായ സിദ്ധാർഥ്, പുതുതായി ശരീരത്തിന്റെ ഭാഗമായ കൃത്രിമക്കാലുകളോട് ഇണങ്ങിക്കഴിഞ്ഞു. ആശുപത്രിവാസവും ചികിത്സയും തുടരുന്നതിനിടെ അധ്യാപകയോഗ്യതയ്ക്കുള്ള യുജിസിയുടെ നെറ്റ് പരീക്ഷ പാസായി. കൈരളി ചാനലിലെ റിപ്പോർട്ടർ ജോലി വിട്ട് സിദ്ധാർഥ് ഈയാഴ്ച ഒറ്റപ്പാലം പത്തിരിപ്പാല ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററായി ചുമതലയേറ്റത് പുതിയ ജീവിതവഴികളിലേക്കുള്ള ആദ്യചുവടായി.
ബിരുദവിദ്യാർഥികൾക്കുള്ള പൊളിറ്റിക്കൽ സയൻസാണ് സിദ്ധാർഥ് പഠിപ്പിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കോളേജിലെത്തി ആദ്യക്ലാസെടുത്ത് തൃപ്പൂണിത്തുറ ഇരുമ്പനത്തെ വീട്ടിലേക്ക് മടങ്ങി. ഓണാവധി കഴിഞ്ഞ് മുഴുവൻസമയം അധ്യാപകവേഷത്തിലാകും. ആഴ്ചയിൽ മൂന്നുദിവസമാണ് ക്ലാസ്. കോളേജിനടുത്തുതന്നെ താമസസൗകര്യവും ഒരുങ്ങി. കാര്യങ്ങൾ പരിചയമാകുംവരെ അമ്മ സുധ കൂടെയുണ്ടാകുമെന്ന് സിദ്ധാർഥ് പറഞ്ഞു.
അപകടത്തിനുശേഷം സൂറത്തിലെ മഹാവീർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ ലോട്ടസ് ആശുപത്രിയിലുമായിരുന്നു ചികിത്സ. അത് തുടരുന്നതിനിടെയാണ് നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ജൂണിലായിരുന്നു പരീക്ഷ. ജൂലൈയിൽ ഫലം വന്നു. വീട്ടിലിരുന്ന് കൈരളിയിലെ ജോലി തുടരുമ്പോഴാണ് അൽപ്പം വിഷമത്തോടെയാണെങ്കിലും പുതിയ മാറ്റം.
ഡൽഹിക്കുള്ള ട്രെയിൻയാത്രയ്ക്കിടെയാണ് സിദ്ധാർഥിന് അപകടം സംഭവിച്ചത്. സൂറത്ത് സ്റ്റേഷനിൽ ഇറങ്ങിയ സിദ്ധാർഥ്, ഓടിത്തുടങ്ങിയ ട്രെയിനിൽ തിരിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പാളത്തിനും പ്ലാറ്റ്ഫോമിനുമിടയിൽ വീഴുകയായിരുന്നു. മലയാളിസമാജം പ്രവർത്തകരാണ് സിദ്ധാർഥിനെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയത്.