കോപ്പൻഹേഗൻ
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് മലയാളിതാരം എച്ച് എസ് പ്രണോയ്. നിലവിലെ ചാമ്പ്യനും ലോക ഒന്നാംനമ്പറുകാരനുമായ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനെ തകർത്ത് സെമിയിൽ കടന്നു. ആദ്യ ഗെയിം നഷ്ടമായശേഷമാണ് മുപ്പത്തൊന്നുകാരന്റെ ഉശിരൻ തിരിച്ചുവരവ്. സ്കോർ: 13–-21, 21–-15, 21–-16. ഒളിമ്പിക്സ് ചാമ്പ്യൻ കൂടിയായ അക്സൽസനെതിരെ മികച്ച പ്രകടനമാണ് തിരുവനന്തപുരത്തുകാരൻ നടത്തിയത്.
ഇന്ന് സെമിയിൽ തായ്ലൻഡിന്റെ കുൻലാവുറ്റ് വിറ്റിദ്സാണാണ് എതിരാളി. പകൽ ഒന്നരയ്ക്ക് സ്പോർട്സ് 18ലും ജിയോ സിനിമയിലും കാണാം.
കഴിഞ്ഞ രണ്ടുതവണയും ക്വാർട്ടറിൽ പുറത്തായ പ്രണോയിയുടെ ആദ്യ ലേക മെഡലാണിത്. ഇന്ത്യയുടെ 14–-ാമത്തേതും. ഡബിൾസിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന ചിരാഗ് ഷെട്ടി–-സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി സഖ്യം ക്വാർട്ടറിൽ പുറത്തായി. നേരിട്ടുള്ള ഗെയിംമുകൾക്ക് ഡെൻമാർക്കിന്റെ കിം ആസ്ട്രുപ്- റസുമ്പെൻ കൂട്ടുകെട്ടിനോട് 18-–-21, 19-–-21ന് കീഴടങ്ങി.