തുവ്വൂർ (മലപ്പുറം)
കുടുംബശ്രീ പ്രവർത്തക തുവ്വൂർ പള്ളിപ്പറമ്പിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാതോത്ത് വിഷ്ണു ഉൾപ്പെടെയുള്ള പ്രതികളുമായി പൊലീസ് തെളിവെടുത്തു. വിഷ്ണുവിനെ കൂടാതെ സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. അഞ്ചാം പ്രതി വിഷ്ണുവിന്റെ അച്ഛൻ മുത്തുവിനെ കൊണ്ടുവന്നില്ല. കൊലപാതകം നടന്ന വീട്, സ്വർണംവിറ്റ ജ്വല്ലറികൾ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
തുവ്വൂർ പഞ്ചായത്ത് ഓഫീസിനുസമീപത്തെ വിഷ്ണുവിന്റെ വീട്ടിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ജനങ്ങൾ ബഹളംവച്ചു. ചിലർ പ്രതികൾക്കുനേരെ ആക്രോശിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതികൾ പറഞ്ഞുകൊടുത്തു. കഴുത്തിൽ കയറിട്ട് ശ്വാസംമുട്ടിച്ചശേഷം ജനലിൽ കെട്ടിവലിച്ചു കൊന്നു. പിന്നീട് ആഭരണങ്ങൾ എടുത്തു. മൃതദേഹം കയറുകൊണ്ട് കെട്ടി കട്ടിലിനടിയിലേക്ക് മാറ്റി. രാത്രി ഏഴിനും ഒമ്പതിനുമിടയിലാണ് വീടിന്റെ പിറകിലെ മാലിന്യക്കുഴി വലുതാക്കി മൃതദേഹം കുഴിച്ചിട്ടത്. മണ്ണെടുക്കാനുപയോഗിച്ച മൺവെട്ടി വിറകുകൾക്കിടയിൽനിന്ന് കണ്ടെടുത്തു. കൊല്ലാനുപയോഗിച്ച കയർ പട്ടിക്കൂടിന്റെ മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കുഴിയിലിട്ട് മൂടിയത് എങ്ങനെയെന്നും പ്രതികൾ കാണിച്ചുകൊടുത്തു.
സുജിതയുടെ ഫോണിലുണ്ടായിരുന്ന സിം വീടിനുസമീപത്തുനിന്ന് പൊലീസിന് കിട്ടിയിരുന്നു. നശിപ്പിച്ച ഫോണിന്റെ ഭാഗങ്ങൾ തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പിറകിലെ ക്വാറിയിൽനിന്ന് കണ്ടെടുത്തു. സുജിതയുടെ ചെരുപ്പ് കൂട്ടുപ്രതി മുഹമ്മദ് ഷിഹാന്റെ വീടിനുസമീപത്ത് നിന്ന് കണ്ടെടുത്തു.
കരുവാരക്കുണ്ട് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ അന്വേഷകസംഘം വീണ്ടും ചോദ്യംചെയ്തു. ശനി വൈകിട്ടുവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ, കരുവാരക്കുണ്ട് ഇൻസ്പെക്ടർ സി കെ നാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അന്വേഷണം ഉന്നതരിലേക്കും
കുടുംബശ്രീ പ്രവർത്തക സുജിതയെ ആറുപവൻ സ്വർണത്തിനുവേണ്ടി മാത്രമാണ് കൊലപ്പെടുത്തിയത് എന്ന് വിശ്വസിക്കാനാകാതെ അന്വേഷകസംഘവും നാട്ടുകാരും. സംഭവത്തിൽ ചില ഉന്നത നേതാക്കൾക്കും പങ്കുണ്ട് എന്ന സംശയം ബലപ്പെടുകയാണ്. ഉന്നത കോൺഗ്രസ് നേതാവിന്റെ പേര് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറികൂടിയായ വിഷ്ണു പറഞ്ഞതായാണ് സൂചന. സുജിതയെ കൊലപ്പെടുത്താൻ നല്ല ആസൂത്രണമാണ് വിഷ്ണു നടത്തിയത്. ആഗസ്ത് പത്തിന് ഇതുസംബന്ധിച്ച് വൈശാഖിനോടും വിവേകിനോടും വിഷ്ണു സംസാരിച്ചു. അച്ഛൻ മുത്തുവിനോടും സൂചിപ്പിച്ചു. വലിയൊരു ക്വട്ടേഷനാണ്; ഏറ്റെടുത്താൽ വൻ തുക ലഭിക്കുമെന്നും സാമ്പത്തിക പ്രയാസം പരിഹരിക്കപ്പെടുമെന്നും പറഞ്ഞത്രെ.
സുജിതയുടെ മരണം ഉറപ്പാക്കിയശേഷം വിഷ്ണു സ്വർണം ഊരിയെടുത്തിരുന്നു. നേതാവിനെ വിശ്വസിപ്പിക്കാനാണ് സ്വർണമെടുക്കുന്നത് എന്നാണ് മറ്റുള്ളവരോടു പറഞ്ഞതത്രെ. രക്ഷപ്പെടാൻ ഉന്നത നേതാവ് സഹായിക്കുമെന്നായിരുന്നു പ്രതികളുടെ വിശ്വാസം. എന്നാൽ പൊലീസ് വലമുറുക്കിയതോടെ പാളി.
വിഷ്ണുവിനെയും കൂട്ടുപ്രതികളെയും വെള്ളിയാഴ്ച തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ‘‘ഞങ്ങളല്ല, യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ട്’’–- എന്നും വിഷ്ണു വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതുതന്നെയാണ് നാട്ടുകാരുടെയും സംശയം.