മാനന്തവാടി
വാഹനാപകടത്തിൽ തലപ്പുഴ മക്കിമല കണ്ണീർമലയായി. ദുരന്തത്തിൽ നാട് വിറങ്ങലിച്ചു. മക്കിമലയിലെ കുന്നിൻമുകളിൽ ആർത്തനാദമാണ്. നിലവിളികൾ മാത്രം. ഒമ്പത് വീടുകളിൽ അമ്മമാരില്ലാതായി. മരിച്ചവരെല്ലാം നിർധന കുടുംബങ്ങളിലുള്ള തൊഴിലാളികൾ. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവർ. തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ളുന്നതിനൊപ്പം മറ്റുപണികളുമെടുത്താണ് ജീവിതം. വെള്ളി രാവിലെ വാളാട്ടെ സ്വകാര്യ തേയിലത്തോട്ടത്തിൽ പണിക്ക് പോയവരായിരുന്നു.
മക്കിമലയിൽനിന്ന് രാവിലെ ജീപ്പിൽ വാളാട്ടേക്ക് കൊണ്ടുപോയതാണ്. അതേ വാഹനത്തിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. തലപ്പുഴ 43–-വാളാട് റൂട്ടിലെ കാപ്പാട്ടുമലയിൽ ജീപ്പ് നിയന്ത്രണംവിട്ട് അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും ഒരേപ്രദേശത്ത് താമസിക്കുന്നവരാണ്. എല്ലാവരും പലയിടങ്ങളിലും ഒരുമിച്ച് പണിക്കുപോകുന്നവർ. അധികവും പ്രദേശത്തെ സ്വകാര്യ തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ളാൻ പോകുന്നവരാണ്. പതിവുപോലെ ഒരുമിച്ച് ജോലിക്കായി പോയതായിരുന്നു. തിരകെയുള്ള യാത്ര ദുരന്തത്തിലേക്കായി.
സത്യനാണ് മരിച്ച ലീലയുടെ ഭർത്താവ്. ധനേഷ്, ധന്യ, ധനുഷ എന്നിവർ മക്കളാണ്. കൂക്കോട്ടിൽ ബാലന്റെ ഭാര്യയാണ് ശോഭന. മക്കൾ: ബബിത, ബൈജേഷ്. കാപ്പിൽ മമ്മുവാണ് റാബിയയുടെ ഭർത്താവ്. സുബൈർ, ഹനീഫ, ഹസീന എന്നിവർ മക്കളാണ്. പത്മനാഭനാണ് ശാന്തയുടെ ഭർത്താവ്.
അപകടത്തിൽ മരിച്ച ചിത്രയ്ക്കു പുറമേ ശിവൻ, രവീന്ദ്രൻ എന്നിവർ മക്കളാണ്. വേലായുധനാണ് കാർത്യായനിയുടെ ഭർത്താവ്. ശോഭ, ഷീബ, സിന്ധു എന്നിവർ മക്കളാണ്. പ്രമോദിന്റെ ഭാര്യയാണ് ഷാജ. അനഘ, അജയ് എന്നിവർ മക്കളാണ്. കാർത്തിക് ആണ് ചിത്രയുടെ ഭർത്താവ്. രണ്ടു മക്കളുണ്ട്. ചന്ദ്രന്റെ ഭാര്യയാണ് ചിന്നമ്മ. മക്കൾ: സന്തോഷ്കുമാർ, ലത, സുധ. തങ്കരാജാണ് റാണിയുടെ ഭർത്താവ്. ജിഷ, ജിതിൻ, ജിതേഷ് എന്നിവർ മക്കളാണ്.
കരഞ്ഞ് തളർന്ന് കണ്ണോത്ത്മല
കണ്ണോത്ത്മലയിലെ നാട്ടുകാരാകെ മോർച്ചറിക്ക് മുന്നിലിരുന്ന് കരയുകയായിരുന്നു. ഒരേ വാഹനത്തിൽ സഞ്ചരിച്ച് ഒരേ തോട്ടത്തിൽ പണിയെടുത്ത ഒമ്പത് പേർ ചലനമറ്റ് കിടക്കുന്നത് നാടിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വർഷങ്ങളായി അടുത്തടുത്ത് താമസിക്കുന്നവർ, ഒരുമിച്ച് ജോലിക്ക് പോകുന്നവർ മരണത്തിലും ഒരുമിച്ചു. മരണപ്പെട്ടവരുടെയെല്ലാം ബന്ധുക്കൾ മോർച്ചറിക്കു മുമ്പിൽ എത്തിയിരുന്നു. മോർച്ചറിക്കുള്ളിൽനിന്ന് ഓരോരുത്തരുടെ പേര് വിളിക്കുമ്പോൾ സങ്കടം സഹിക്കാനാവാതെ വീട്ടുകാർ വിങ്ങിപ്പൊട്ടി. സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലക്കാത്ത സങ്കടം ഉള്ളിൽ ഒതുക്കിപ്പിടിക്കാൻ ആർക്കും കഴിഞ്ഞില്ല. ഒരക്ഷരം പോലും മിണ്ടാനാകാതെ മരണപ്പെട്ടവരുടെ ബന്ധുക്കൾ തരിച്ചുനിന്നു. ഏറ്റവും പ്രിയപ്പെട്ടവരെ ഒരു നോക്കുപോലും കാണാൻ കഴിയാതെ ബന്ധുക്കൾ നിസ്സഹായരായി. തളർന്നുപോയവരെ കൂടെയുണ്ടായിരുന്നവർ മോർച്ചറിക്ക് മുമ്പിൽ നിന്നും മാറ്റി.
രക്ഷാപ്രവർത്തനം സാഹസികമായി
ജാഷിദ് കരീം
‘എല്ലാവരും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. പാറക്കെട്ടുകളിൽ തലയടിച്ച് വലിയ മുറിവുകളായിരുന്നു. പകച്ചുപോയെങ്കിലും ആവുംവിധം ആളുകളെ മുകളിലേക്ക് എത്തിക്കുകയായിരുന്നു’–- രക്ഷാപ്രവർത്തനം നടത്തിയ വാളാട്ടെ ജയനാരായണന്റെ വാക്കുകളിൽ ദുരന്തത്തിന്റെ മുഴുവൻ ഭീകരതയും. ജീപ്പ് മറിഞ്ഞത് അഗാധമായ കൊക്കയിലേക്കായിരുന്നു. അതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി. മരങ്ങളിൽ കയറുകെട്ടിയാണ് ആളുകൾ താഴേക്ക് ഇറങ്ങിയത്.
കണ്ണോത്ത്മല സ്വദേശികളായ അൻഷാദും അശ്വന്തുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. തലപ്പുഴയിൽ നിന്ന് കണ്ണോത്ത്മലയിലേക്ക് പോകുംവഴി പ്രദേശവാസിയായ ഗീത ഇവർ സഞ്ചരിച്ച കാറിന് കൈകാണിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു. പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് മരങ്ങളിലും മരക്കുറ്റികളിലും പിടിച്ച് താഴോട്ട് ഇറങ്ങി. താഴെയെത്തുമ്പോൾ ഡ്രൈവർ നിലവിളിക്കുന്നതാണ് കണ്ടത്. കാലിനും കൈകൾക്കും പരിക്ക് പറ്റിയിരുന്നു. ബോധനിലയിൽ മറ്റൊരു സ്ത്രീയെയും കണ്ടു. ബാക്കിയുള്ളവർ ജീപ്പിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആളുകൾ കയറിൽ പിടിച്ച് തൂങ്ങിനിന്നാണ് ഓരോരുത്തരെയായി മുകളിലേക്ക് എത്തിച്ചത്. അപ്പോഴേക്കും പൊലീസുമെത്തി. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മുക്കാൽ മണിക്കുറോളമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.