.കുവൈത്ത് സിറ്റി> ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബുധനാഴ്ച ഇന്ത്യൻ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതിന് കുവൈത്ത് ഭരണകൂടം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹ് , കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹ് എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിനന്ദന സന്ദേശം അയച്ചത്.
ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ച ഈ ചരിത്ര നേട്ടം മുഴുവൻ മനുഷ്യരാശിക്കും അഭിമാന നിമിഷമാണെന്ന് കുവൈത്ത് ഭരണകൂടം അയച്ച അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച ഐ.എസ്.ആർ.ഒ ക്കും ഇന്ത്യൻ ജനതക്കും സർക്കാരിനും കുവൈത്ത് ഭരണാധികാരികൾ ആശംസകൾ നേർന്നു.