തിരുവനന്തപുരം
ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും സിപിഐ എം വിരുദ്ധത പടർത്താൻ നുണക്കഥകൾ സൃഷ്ടിച്ച് മാധ്യമങ്ങൾ. മുൻകാല തെരഞ്ഞെടുപ്പുകളിൽ മനോരമയും മറ്റ് മാധ്യമങ്ങളും നിർമിച്ച ഇല്ലാക്കഥകൾ ദിവസങ്ങൾക്കുള്ളിൽ ആവിയായെങ്കിലും ഇപ്പോഴും വ്യാജവാർത്തകൾക്ക് കുറവില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ പതിവുപോലെ മനോരമയും മറ്റ് മാധ്യമങ്ങളും നുണക്കഥകളുമായി രംഗത്തുണ്ട്.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ യുഡിഎഫും മനോരമയും ചേർന്ന് പൊലിപ്പിച്ചെടുത്ത ‘മാസപ്പടി’ വന്നപോലെ പോയി. കുഴൽനാടന്റെ പൊയ്വെടികൾ ഇരുകൈയും നീട്ടി ഏറ്റെടുത്തപ്പോൾ കുഴൽനാടന്റെ കൈയ്യേറ്റവും വെട്ടിപ്പും കണ്ടില്ലെന്ന് നടിച്ചു. കള്ളക്കഥകൾ പൊതുജനങ്ങൾ വിശ്വസിക്കില്ലെന്നറിഞ്ഞിട്ടും പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിന് കുറവില്ല.
പൊളിഞ്ഞുപോയ നുണക്കഥകൾ
● സതിയമ്മയുടെ
‘സ്റ്റേജ് ഷോ’ വാർത്ത
( 2023, ആഗസ്ത് 22 )
പുതുപ്പള്ളി മൃഗാശുപത്രിയിലെ ആൾമാറാട്ടത്തിൽ പരാതി കൊടുത്തത് ഒരു കർഷകൻ. വകുപ്പു മേലുദ്യോഗസ്ഥർ അന്വേഷിച്ചു, കുടുംബശ്രീ യൂണിറ്റ് ഭാരവാഹികളോടും ചോദിച്ചു. സംഭവം സതിയമ്മയ്ക്ക് ആരോ ചോർത്തി നൽകി. ആൾമാറാട്ടം കുറ്റകരമാണെന്നറിഞ്ഞ് അവർ കോൺഗ്രസ് നേതാക്കളെ സമീപിച്ചു. സതിയമ്മയെ പറഞ്ഞുവിടുമെന്നറിഞ്ഞു കൊണ്ടുതന്നെ തിരുവഞ്ചൂരടക്കമുള്ളവരും മനോരമയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി നിഷ്കളങ്കമെന്നപോലെ മനോരമ വാർത്ത നൽകിയത്. അത് ‘സെറ്റിട്ട സ്റ്റേജ് ഷോ’ ആയിരുന്നുവെന്ന് സത്യം പുറത്തുവന്നതോടെ തെളിഞ്ഞു.
● ചാപ്പ കുത്തൽ
(2000 നവംബർ 10)
നിലമേൽ എൻഎസ്എസ് കോളേജിലെ ജനറൽ സെക്രട്ടറിയായിരുന്ന എ ആർ നിഷാദ് യൂണിവേഴ്സിറ്റി കോളേജിലെത്തിയപ്പോൾ എസ്എഫ്ഐക്കാർ പിടിച്ചുകൊണ്ടുപോയി മർദിച്ചശേഷം മുതുകിൽ കത്തികൊണ്ട് എസ്എഫ്ഐ എന്ന് എഴുതിയെന്നായിരുന്നു പരാതി. കോൺഗ്രസ് നേതാക്കളായിരുന്നു ഇതിനു പിന്നിലെന്ന് കെഎസ്യു പ്രവർത്തകനായ പി കെ ശ്യാംകുമാർ പിന്നീട് വെളിപ്പെടുത്തി.
● സെൽവരാജിന്റെ വീടിന്
തീയിട്ടു (2012 മെയ്)
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പാണ് യുഡിഎഫ് സ്ഥാനാർഥി ആർ സെൽവരാജിന്റെ വീടിന് തീയിട്ട സംഭവം. 2019 ഡിസംബർ 18ന് കേസിൽ സെൽവരാജും ഗൺമാൻ പ്രവീൺ ദാസും അറസ്റ്റിലായി. സിപിഐ എം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിടുകയായിരുന്നു. സെൽവരാജിന്റെ പരാതിയിലും ഗൂഢാലോചനയിലും മനോരമയ്ക്കും പങ്കുണ്ടായിരുന്നു.
● സ്ഥാനാർഥിയുടെ
മുടി മുറിച്ചു (2015 നവംബർ)
തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്കിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി എൽ സതികുമാരിയുടെ മുടിമുറിക്കൽ കഥ! തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യം മറയ്ക്കാൻ സതികുമാരി സ്വയം മുടിമുറിക്കുകയായിരുന്നു. പ്രതിയാണെന്ന് സതികുമാരി ആരോപിച്ചയാൾ ആ ദിവസം ആ പ്രദേശത്തുപോലും ഇല്ലായിരുന്നെന്നും കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്.
● വനിതാ നേതാവിന്റെ
വീടാക്രമണം
(2020 സെപ്തംബർ 2)
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി അംഗവുമായ ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് മകൻ നിഖിൽ കൃഷ്ണ. സിപിഐ എം പ്രാദേശിക നേതാക്കളെ കുടുക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സംഭവം ലീനയുടെ അറിവോടെ ആയിരുന്നെന്നുമാണ് നിഖിലിന്റെ മൊഴി.
● അരിതാബാബുവിന്റെ
വീടാക്രമിച്ചു (2021, മാർച്ച് 31 )
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിതാബാബുവിന്റെ വീട് സിപിഐ എം പ്രവർത്തകർ ആക്രമിച്ചെന്ന് വാർത്ത. സംഗതി അന്വേഷിച്ചപ്പോൾ, സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലാത്ത ഒരാളുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ കുപിതരായ കോൺഗ്രസുകാർ അയാളെ കുടുക്കാൻ സ്ഥാനാർഥിയുടെ വീട് അടിച്ചുപൊളിക്കുകയായിരുന്നു.
● തെരുവംപറമ്പ്
ബലാത്സംഗം (2001 )
നബീസു എന്ന വീട്ടമ്മയെ ഡിവൈഎഫ്ഐ പ്രവർത്തകനായ ബിനു നിസ്കാരപ്പായയിൽ കിടത്തി ബലാത്സംഗം ചെയ്തു എന്നായിരുന്നു കഥ. മനോരമയ്ക്ക് പിന്നാലെ മറ്റ് മാധ്യമങ്ങളും ആഘോഷിച്ചു. ഇരുവീട്ടുകാരും തമ്മിൽ അതിർത്തിത്തർക്കമുണ്ടായിരുന്നു. ബിനു അതിക്രൂരമായി കൊലചെയ്യപ്പട്ടു. ഒടുവിൽ കുറ്റബോധം താങ്ങാനാകാതെ നബീസു സത്യം പറഞ്ഞു; തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ല, അതിർത്തി പ്രശ്നം മുതലെടുത്ത് ലീഗ് നേതാക്കളുടെ കുതന്ത്രത്തിൽ പെട്ടുപോയി. ബിനു മരിച്ചതോടെ അമ്മയ്ക്ക് മാനസികരോഗം പിടിപെട്ടു.
2020 നവംബറിലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സ്വപ്ന സുരേഷ് പറഞ്ഞ വിടുവായത്തങ്ങൾ പരമ്പര തന്നെയാക്കി പ്രചരിപ്പിച്ചെങ്കിലും അവയിലെ പൊള്ളത്തരങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു.