തിരുവനന്തപുരം
‘‘പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്കാരം. സിനിമ റിലീസ് ചെയ്തിട്ട് രണ്ടുവർഷമായതുകൊണ്ട് അവാർഡിന് പരിഗണിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി എന്നാണ് കരുതിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. മനുഷ്യരല്ലേ അവാർഡ് കിട്ടുമ്പോൾ സന്തോഷം വരും. കിട്ടാത്തപ്പോൾ വിഷമം തോന്നും’’. നാലുപതിറ്റാണ്ടിന്റെ അഭിനയജീവിതത്തിനിടയിൽ തന്നെ തേടിയെത്തിയ ദേശീയപുരസ്കാരത്തെക്കുറിച്ച് ഇന്ദ്രൻസിന്റെ വാക്കുകൾ. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോമി’ലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമാണ് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശത്തിന് ഇന്ദ്രൻസിനെ അർഹനാക്കിയത്. അടൂരിൽ ഒരു സിനിമയുടെ ലൊക്കേഷനിൽവച്ചാണ് ഇന്ദ്രൻസ് പുരസ്കാര വാർത്ത അറിഞ്ഞത്.
‘സിനിമ ഇറങ്ങിയിട്ട് രണ്ടുവർഷമായല്ലോ. ദേശീയ പുരസ്കാര പ്രഖ്യാപനം കഴിഞ്ഞില്ല എന്ന് അറിയില്ലായിരുന്നു. എന്നേക്കാൾ കഷ്ടപ്പെട്ടവരാണ് സിനിമിയിലുള്ള മറ്റുള്ളവർ. നേരത്തേ അത് അംഗീകരിക്കാതെ പോയതിൽ അന്ന് എല്ലാവർക്കും സങ്കടം ഉണ്ടായിരുന്നു’ ഇന്ദ്രൻസ് പറഞ്ഞു.
പുരസ്കാരം ഓണസമ്മാനം
ഹോം സിനിമയിൽ തനിക്ക് ലഭിച്ച അംഗീകാരം പ്രേക്ഷകർക്ക് ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്ന് നടൻ ഇന്ദ്രൻസ്. ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ദേശീയ അംഗീകാരം ലഭിച്ച വാർത്ത അറിയുന്നത്. പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചതോടെ ഏഴംകുളത്തെ സിനിമ ലൊക്കേഷൻ ആഹ്ലാദ ആരവങ്ങളാൽ നിറഞ്ഞു. സംവിധായകൻ ജയൻ ചേർത്തലയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. മലയാളിക്ക് ലഭിച്ച ഓണസമ്മാനമായാണ് അംഗീകാരത്തെ കാണുന്നത്. ദേശീയ അംഗീകാരം ലഭിച്ചെങ്കിലും മലയാള സിനിമ വിട്ടുപോകാൻ താൽപ്പര്യമില്ല. മുമ്പും അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും നിരസിക്കുകയായിരുന്നു. എത്ര വൈകിയാലും കിട്ടാനുള്ള അംഗീകാരം ലഭിക്കുമെന്നതിന് തെളിവാണ് ദേശീയ അംഗീകാരം. ഒരു വർഷം തിയറ്ററിന് വേണ്ടി കാത്തിരുന്നു. പുരസ്കാരത്തിന് പരിഗണിക്കുന്നതറിഞ്ഞ് ഭാര്യ ശാന്തകുമാരി മക്കളായ മഹേന്ദ്രൻ, മഹിത, മരുമക്കളായ സ്വാതി, ശ്രീരാജ് ഇന്ദ്രൻസിന്റെ ചെറുമക്കളും ഇന്നലെ വൈകിട്ട് നാലരയോടെ പുതിയ സിനിമ ചിത്രീകരണം നടക്കുന്ന അടൂർ ഏഴംകുളത്ത് എത്തിയിരുന്നു. ഷൂട്ടിനായി 19നാണ് ഇന്ദ്രൻസ് അടൂരിലെത്തിയത്.