കാംപോക്പി (മണിപ്പുർ)
പാവോഗൗഹാവോ അദ്ദേഹത്തിന്റെ സഹോദരന്റെ ചിത്രം മൊബൈൽ ഫോണിൽ കാണിച്ചു. ഇരുപത്തിമൂന്നുകാരൻ ജാങ്മിലൻ ഇംഫാൽ താഴ്വരയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ആദ്യ ഇരകളിൽ ഒരാളായി ഈ കുക്കി യുവാവ് മാറി. അക്രമിസംഘം ജാങ്മിലനെ ജീവനോടെ തീയിട്ടു കൊന്നു.
സഹോദരന്റെ കത്തിക്കരിഞ്ഞ ശരീരത്തിന്റെ അവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ പാവോഗൗഹാവോയ്ക്ക് കഴിഞ്ഞിട്ടില്ല. ഇംഫാലിൽ കൊല്ലപ്പെട്ട കുക്കികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. മൃതദേഹം ഏറ്റുവാങ്ങാൻ അങ്ങോട്ട് പോകുന്നതുപോലും അപകടകരമാണ്. ദുഃഖം സഹിക്കാനാകാതെ വരുമ്പോൾ പാവോഗൗഹാവോ ഫോൺ എടുത്ത് സഹോദരന്റെ ചിത്രം ദീർഘനേരം നോക്കിയിരിക്കുമെന്ന് ഇവരുടെ അമ്മ കിംഹത് പറഞ്ഞു.
കാംപോക്പി ജില്ലയിൽ ഹെൻബുങ് സർക്കാർ സ്കൂളിലെ അഭയാർഥി ക്യാമ്പിലാണ് ഈ കുടുംബം. 50 കിലോമീറ്റർ അകലെയുള്ള ലെയ്ലോങ്ങാണ് ഇവരുടെ സ്വന്തം ഗ്രാമം. മെയ് നാലിന് രാത്രി പുറത്തുനിന്നെത്തിയ ജനക്കൂട്ടം മാരകായുധങ്ങളുമായെത്തി ഗ്രാമം ആക്രമിച്ചു. വയോധികർ അടക്കമുള്ള ഗ്രാമവാസികളെ പൂർണമായും ആട്ടിപ്പായിച്ചു. വീടുകൾക്ക് തീയിട്ടു.
താങ്ങാനാകാത്ത ദുരന്തങ്ങളുടെ ആഘാതത്തിൽ ഹെൻബുങ്ങിലെ അഭയാർഥിക്യാമ്പിൽ ദുരിതജീവിതം തള്ളിനീക്കുകയാണ് ഇവർ. കിംഹതിന്റെ മൂന്നു മക്കളിൽ ഏറ്റവും ഇളയതായിരുന്നു ജാങ്മിലൻ. സ്കൂൾ വാൻ ഡ്രൈവറായിരുന്ന പാവോഗൗഹാവോയ്ക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. മെയ്ത്തീ കുട്ടികളെ ഉൾപ്പെടെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും സുരക്ഷിതമായി എത്തിച്ചിരുന്ന പാവോഗൗഹാവോ ഇപ്പോൾ കുക്കികൾക്കു മാത്രമായ അഭയാർഥിക്യാമ്പിൽ ഭീതിയോടെ ജീവിക്കുന്നു.