മോസ്കോ
റഷ്യയിലെ സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗേനി പ്രിഗോഷിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. അപകടത്തിൽ മരിച്ചതാണെന്നും മറിച്ച് കൊലപാതകമാണെന്നും വാദം ഉയരുന്നുണ്ട്. മരിച്ചിട്ടില്ലെന്ന വാദവും ശക്തമാണ്. തിരോധാനം സംബന്ധിച്ച് റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനം തകർന്നു വീണതാണെന്നാണ് റഷ്യയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, വിമാനം വ്യോമസേന വെടിവച്ചിടുകയായിരുന്നെന്ന വാദവുമായി വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലായ ഗ്രേസോൺ രംഗത്തെത്തി. പ്രിഗോഷിൻ സഞ്ചരിച്ച വിമാനം അവസാന 30 സെക്കൻഡിൽ 28,000 അടി ഉയരത്തിൽനിന്ന് 8000 അടിയോളം താഴ്ചയിലേക്ക് പതിച്ചെന്ന് ഫ്ലെെറ്റ് ട്രാക്കിങ് ഡാറ്റ പറയുന്നു. അതിന് മുമ്പുവരെ വിമാനത്തിന് സാങ്കേതികമായി തകരാറില്ലായിരുന്നു എന്നാണ് വിദഗ്ധർ പറയുന്നത്.
മോസ്കോയിൽനിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് പോകവേ തകർന്ന വിമാനത്തിൽ പ്രിഗോഷിന്റെ വലംകൈയായ ദിമിത്രി ഉട്കിനും ഉണ്ടായിരുന്നു.
ബന്ധമില്ലെന്ന് ഉക്രയ്ന്
അപകടത്തിനു പിന്നിൽ ഉക്രയ്നല്ലെന്ന് പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. “ഞങ്ങൾക്ക് അതിൽ ഒന്നും ചെയ്യാനില്ല. ആർക്കാണ് ഇതുമായി എന്തെങ്കിലും ബന്ധമുള്ളതെന്ന് എല്ലാവർക്കുമറിയാം”–- സെലൻസ്കി പറഞ്ഞു
അത്ഭുതമില്ലെന്ന് അമേരിക്ക
സംഭവത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അത്ഭുതപ്പെടുന്നില്ല’–-ബൈഡൻ പറഞ്ഞു. വിമാനാപകടത്തിന്റെ കാരണത്തെക്കുറിച്ച് “ന്യായമായ സംശയങ്ങൾ” ഉണ്ടെന്ന് ഫ്രാൻസ് പ്രതികരിച്ചു.
പുടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ‘പട്ടാളമേധാവി’
യെവ്ഗേനി പ്രിഗോഷിൻ ആഗോളശ്രദ്ധനേടുന്നത് ഉക്രയ്ൻ യുദ്ധകാലത്ത്. പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ സൈനിക സംഘം വാഗ്നർ ഗ്രൂപ്പ് റഷ്യൻ സൈന്യത്തോടൊപ്പം പോരാടി. എന്നാൽ, ജൂണിൽ റഷ്യയിൽ സായുധകലാപനീക്കം നടത്തിയതോടെ സൈന്യം ഇവർക്കെതിരെ തിരിഞ്ഞു.
റൊസ്തോവ് -ഓൺ -ഡോണിലെ സൈനിക ആസ്ഥാനം പിടിച്ചെടുത്ത വാഗ്നർ സംഘം മോസ്കോയിഗലക്ക് മാർച്ച് നടത്തുകയായിരുന്നു. ഉക്രയ്നിലെ തങ്ങളുടെ ക്യാമ്പുകൾ റഷ്യൻ സൈന്യം ആക്രമിച്ചെന്നായിരുന്നു ആരോപണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആവശ്യപ്രകാരം ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ ഇവരുമായി ചർച്ച നടത്തി. തുടർന്ന് പ്രിഗോഷിൻ സായുധകലാപനീക്കം അവസാനിപ്പിച്ചു.
വാഗ്നർ സംഘം റഷ്യയെ പിന്നിൽനിന്ന് കുത്തിയെന്ന് വിശേഷിപ്പിച്ച പുടിൻ പിന്നീട് വാഗ്നര്‍ സംഘത്തിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംഘത്തിന് തുടരാൻ അനുമതി നൽകി. വാഗ്നർ സൈനികർക്ക് റഷ്യൻ സൈന്യത്തിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ചേരാമെന്നും നിർദേശിച്ചു. വാഗ്നറിൽ നേതൃമാറ്റവും ചർച്ചയായി. പ്രിഗോഷിൻ ബലാറസിലേക്ക് മാറിയെങ്കിലും പിന്നീട് സെന്റ് പീറ്റേഴ്സ്ബർഗിലെ വസതിയിലേക്ക് തിരിച്ചെത്തിയിരുന്നു.
2014ലാണ് വാഗ്നർ ഗ്രൂപ്പിന്റെ രൂപീകരണം. തുടക്കത്തിൽ 5000ത്തിൽ താഴെ അംഗങ്ങളാണ് ഉണ്ടായിരുന്നത്. റഷ്യൻ സൈന്യത്തിൽനിന്ന് വിരമിച്ച ദിമിത്രി ഉട്കിനായിരുന്നു ആദ്യ ഫീൽഡ് കമാൻഡർ. ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേർത്തതോടെ വാഗ്നർ ഗ്രൂപ്പ് സജീവമായി. നിലവിൽ അമ്പതിനായിരത്തിലധികം അംഗങ്ങൾ. ഭൂരിഭാഗവും ജയിലുകളിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവർ. സിറിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. ആഫ്രിക്കയിലുടനീളം വാഗ്നർ ഗ്രൂപ്പ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായും ആരോപണമുണ്ട്. 1981ൽ മോഷണം, ആക്രമണം എന്നീ കുറ്റങ്ങൾക്ക് പ്രിഗോഷിന് 12 വർഷം തടവ് ലഭിച്ചിരുന്നു.