ആലപ്പുഴ
സത്യജിത്ത് റേയുടെ സിനിമയിൽ കാമറാമാനാകാനുള്ള ക്ഷണം വേണ്ടെന്നുവച്ച സംഭവം വി കെ ഷേണായിക്ക് പിന്നീട് മനസിനെ ഉലച്ച നോവായിരുന്നു. കൽക്കത്തയിലെ ന്യൂ ഇന്ത്യ ലബോറട്ടറിയിൽ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയുടെ എഡിറ്റിങ് നടക്കുമ്പോഴായിരുന്നു ആ സംഭവം. മറ്റൊരു സ്ക്രീനിൽ ഒരു ബംഗാളി സിനിമയുടെ എഡിറ്റിങ്ങും നടക്കുന്നു. അതിന്റെ സംവിധായകൻ സത്യജിത്റേ സിഗരറ്റ് വലിക്കാൻ പുറത്ത് വന്നപ്പോൾ ഇപ്പുറത്തെ സ്ക്രീനിലെ മനോഹരമായ ഫ്രെയിമുകളിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ഉടക്കി. തന്നെ വന്ന് കാണണമെന്ന് ഷേണായിയോടു പറയാൻ ലാബ് ടെക്നീഷ്യനെ പറഞ്ഞുവിട്ടു. പക്ഷേ ലാബ് ടെക്നീഷ്യൻ തമാശ പറഞ്ഞതാണെന്നു കരുതി ഷേണായി പോയില്ല. അല്ലായിരുന്നെങ്കിൽ അദ്ദേഹം റേയുടെ അടുത്ത സിനിമയുടെ കാമറാമാനാകുമായിരുന്നു.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ ഷേണായി എടുത്ത തിരുവനന്തപുരത്തിന്റെ പഴയ ചിത്രങ്ങൾ കണ്ടാൽ ആരും അദ്ഭുതപ്പെടും. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരും മുമ്പ് സിനിമയെപ്പറ്റി പഠിപ്പിക്കുന്ന ഒരു സ്ഥാപനമേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ– ബംഗളൂരുവിലെ എസ് ജെ പോളിടെക്നിക്. അവിടെ മൂന്നുവർഷം മൂവി ക്യാമറ പ്രവർത്തനം പഠിച്ച് ഡിപ്ലോമ നേടി.
ചേർത്തലയിൽ പുകയിലക്കച്ചവടമായിരുന്നു ഷേണായിയുടെ അച്ഛന്. നാട്ടിൽ മുഴുവൻ ബ്രിട്ടീഷ് പട്ടാളമാണ്. അവർക്കു വായിക്കാൻ വിദേശ മാസികകൾ വരും. പുകയില പൊതിഞ്ഞുകൊടുക്കാൻ വാങ്ങുന്ന മാസികയിലെ ഫോട്ടോകൾ കണ്ടാണ് ഷേണായിക്ക് ഫോട്ടോഗ്രഫിയിൽ കമ്പമുണ്ടായത്. തുടർന്നാണ് എസ് ജെ പൊളിടെക്നിക്കിൽ എത്തുന്നത്. ഡിപ്ലോമ നേടി മുംബൈയിലെത്തിയ ഷേണായി രാജ്കപൂറിന്റെയും അശോക് കുമാറിന്റെയും സ്റ്റുഡിയോകളിൽ കാമറാമാനായി. നിരവധി ഹിന്ദി, തമിഴ് സിനിമകളുടെ അസോസിയറ്റ് കാമറാമാനായി. പിന്നെ ഒറിയ ഭാഷയിലെ ആദ്യ നവതരംഗ സിനിമ ‘കനകലത’യുടെ മുഖ്യ കാമറാമാനായി.
തുടർന്ന് അദ്ദേഹം പല കച്ചവടങ്ങളും നാട്ടിൽ നടത്തി പരാജയപ്പെട്ടു. പിന്നീട് വിവാഹ ഫോട്ടോ എടുക്കുന്ന ജോലിയിലേക്കു മാറി. അവസാനനാൾവരെ ഫോട്ടോഗ്രഫിയെ പ്രണയിച്ചു.