പുതുപ്പള്ളി > സംഘപരിവാറിനും കേന്ദ്രസർക്കാരിനുമെതിരെ ശബ്ദിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. എന്തേ ഈ മൗനത്തിന് കാരണം. നല്ലനിലയിൽ നാക്ക് അനക്കുന്നുവർക്ക് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശബ്ദിക്കാനാകുന്നില്ല. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന്റ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കിടങ്ങൂർ സഖ്യമൊക്കെ ആ ഒത്തുകളിയുടെ ഭാഗമാണ്. അല്ലറചില്ലറ സഹായങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വാങ്ങാൻ രണ്ടുകൂട്ടർക്കും മടിയില്ല. പ്രാദേശിക, പൊതുതെരഞ്ഞെടുപ്പുകളിൽ ഒരേ മനസ്സോടെയാണ് ഇക്കൂട്ടർ കാര്യങ്ങൾ നീക്കുന്നത്. ഒന്നിച്ച് സ്ഥാനാർഥിയെ നിർത്തിയ ചരിത്രംവരെ കേരളത്തിലുണ്ട്. തോൽക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിൽ ഗാന്ധിജിയെക്കുറിച്ച് പഠിപ്പിക്കേണ്ടെന്ന് കേന്ദ്രം. ഗാന്ധിജിയെ കൊന്നതാര്, സംഘടന ഏത്? ഇതൊന്നും കുട്ടികളും ഭാവി തലമുറയും അറിയരുത്.
ഗോഡ്സയെ ആയുധമാക്കി പ്രത്യയശാസ്ത്രത്തെയും അവരുടെ സംഘനയെയും സംരക്ഷിക്കുകയും ചെയ്യുന്നു. ഗോഡ്സയെ തന്നെ ആരാധനാമൂർയാക്കുന്നു. ഇതാണ് പാഠപുസ്തകങ്ങളിലെ സംഘപരിവാർ താൽപര്യം. രാജ്യമാകെ അത് ഏകദേശം അംഗീകരിച്ച മട്ടാണ്. കേരളം ‘നോ’ പറഞ്ഞു. കേന്ദ്രം നീക്കിയ പാഠഭാഗങ്ങൾ കേരളം പ്രത്യേകമായി ഉൾപ്പെടുത്തിയത് പ്രകാശനം ചെയ്തിട്ടാണ് ഞാൻ പുതുപ്പള്ളിക്ക് വരുന്നത്. മതനിരപേക്ഷതയിൽ ഊന്നിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. കേന്ദ്രം നികുതി വിഹിതം 3.8ൽ നിന്ന് 1.9 ശതമാനമായി കുറച്ചു. കേരളത്തെ അവഗണിച്ചിട്ടും ഈ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ നിവേദനത്തിൽ ഒപ്പിടാൻ പോലും കൂട്ടാക്കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.