തിരുവനന്തപുരം > കേരള സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സായി ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി പ്രോഗ്രാം ഈ അധ്യയന വർഷം ആരംഭിക്കും. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയിൽ ഓണേഴ്സ് ബിരുദം ലഭിക്കുന്ന വിധത്തിലാണ് സിലബസ്.
മൂന്ന് കോഴ്സും തുല്യപ്രധാന്യത്തോടെ കോർ വിഷയങ്ങളായി ഉൾപ്പെടുത്തുന്നതിനാൽ ഡിഗ്രി പാസാകുന്ന വിദ്യാർഥിക്ക് മൂന്നിൽ ഏതിലെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശിക്കാം. മൂന്നു വർഷം കഴിയുമ്പോൾ ഡിഗ്രിയും നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രിയും ലഭിക്കും. ഫൗണ്ടേഷൻ കോഴ്സ്, ഡിസിപ്ലിൻ സ്പെസിഫിക്ക് മേജർ, ഡിസിപ്ലിൻ സ്പെസിഫിക്ക്/മൾട്ടി ഡിസിപ്ലിനറി മൈനർ, റിസർച്ച് എന്നീ നാല് പ്രധാന ഘടകങ്ങൾ ആണ് പ്രോഗ്രാമിനുള്ളത്. മേജർ സബ്ജെക്ട് അടിസ്ഥാനമാക്കി ഡെസേർട്ടേഷൻ ഉണ്ടായിരിക്കും. ഇന്റേൺഷിപ്, ഫീൽഡ് സർവേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അധ്യയനവർഷംമുതൽ തന്നെ നാലുവർഷ ബിരുദം തുടങ്ങാൻ സിൻഡിക്കറ്റ് യോഗത്തിൽ അനുമതി നൽകി.
കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ ഭാഗമായാണ് പ്രോഗ്രാം ആരംഭിക്കുക. ഡയറക്ടറേറ്റ് മാതൃകയിലുള്ള കേന്ദ്രത്തിൽ പ്രോഗ്രാമിന്റെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നതിനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. പൊളിറ്റിക്കൽ സയൻസ്വകുപ്പിന്റെ കീഴിലായിരിക്കും പ്രോഗ്രാം. പ്രവേശന വിജ്ഞാപനം സെപ്തംബർ അഞ്ചിന് പുറത്തിറങ്ങും. ദേശീയ അടിസ്ഥാനത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം.
വിരമിച്ച സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടവ സർവകലാശാലയുടെ തനത് ഫണ്ടിൽനിന്ന് വിതരണംചെയ്യാനും യോഗം തീരുമാനിച്ചു. സർക്കാരിൽനിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തനത് ഫണ്ട് പുനക്രമീകരിക്കും.