ന്യൂഡൽഹി > ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ രാഷ്ട്രീയ ഉപദേശകന്റെയും രണ്ട് ഒഎസ്ഡികളുടെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ നിശിതമായി അപലപിച്ച് കോൺഗ്രസ് നേതൃത്വം. മോദി സർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയമാണിതെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം പ്രതികരിച്ചു. പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇഡി പോലുള്ള കേന്ദ്രഏജൻസികളുടെ അഴിഞ്ഞാട്ടമാണെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
ഇഡിയെ ഉപയോഗിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താനാവില്ലെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും കേന്ദ്രസർക്കാർ തരംതാഴ്ന്ന നടപടികൾ സ്വീകരിക്കുകയാണ്. ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ ജീവനക്കാരുടെ വസതികളിൽ ഇഡി നടത്തിയ റെയ്ഡിനെ അപലപിക്കുന്നു. മൂന്നുകോടി ഛത്തിസ്ഗഢുകാരുടെ പിന്തുണ കോൺഗ്രസിനുണ്ട്. ഇത്തരം തരംതാഴ്ന്ന കളികൾ തങ്ങളെ ബാധിക്കില്ല. ബിജെപിയുടെ അസ്വസ്ഥതയാണ് ഇതിലൂടെ വെളിപ്പെടുന്നത് –- വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി ബാഗേലിന്റെ ജന്മദിനത്തിലാണ് അദേഹത്തിന്റെ വിശ്വസ്തരുടെ വസതികളിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡുനടത്തിയത്. ഇത്തരമൊരു ജന്മദിന സമ്മാനം തനിക്കായി ഒരുക്കിയതിന് മോദിയ്ക്കും അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നതായി ബാഗേൽ സമൂഹമാധ്യമമായ ‘എക്സി’ൽ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർ വീട് കൊള്ളയടിച്ചതായി ബാഗേലിന്റെ രാഷ്ട്രീയ ഉപദേശകനും എഐസിസി അംഗവുമായ വിനോദ് വർമ്മ പറഞ്ഞു. വസതിയിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിനെല്ലാം ബില്ല് കാട്ടിയിരുന്നു. എന്നിട്ടും സ്വർണം കൊണ്ടുപോയി. സ്വർണത്തിനുള്ള പണം എവിടെ നിന്ന് ലഭ്യമാക്കിയെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തനിക്കാണെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. മകന്റെ കല്യാണത്തിന് ലഭിച്ച കവറുകളിലാക്കിയ പണവും ഇഡി കൊണ്ടുപോയി. കൊള്ളയാണ് നടന്നത്. അയ്യായിരം കോടിയുടെ ഓൺലൈൻ ഗെയിമിങ് ആപ്പിന് പിന്നിൽ പ്രവർത്തിച്ച ആൾ തന്റെ ബന്ധുവല്ല. ഇഡി ആക്ഷേപം അടിസ്ഥാനരഹിതമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുകയാണ് –- വർമ്മ പറഞ്ഞു.
അയ്യായിരം കോടി രൂപയുടെ ഗെയിമിങ് ആപ്പ് തട്ടിപ്പ്, 2161 കോടി രൂപയുടെ മദ്യകുംഭകോണം എന്നീ കേസുകളിലാണ് ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ വീടുകൾ ഇഡി റെയ്ഡു ചെയ്തത്. തട്ടിപ്പുകളിലൂടെ ലഭിച്ച പണത്തിൽ ആയിരം കോടിയിലേറെ രൂപ രാഷ്ട്രീയനേതാക്കൾക്ക് കോഴയായി നൽകിയെന്നും ഇഡി അവകാശപ്പെടുന്നു.