അബുദാബി -> വരാനിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ (ജിഎംസി) രണ്ടാം പതിപ്പിൽ ലോകത്തിലെ 174 സർവ്വകലാശാലകളിൽ നിന്നുള്ള മാധ്യമ വിദ്യാർത്ഥികൾ പങ്കാളികളാകും. പ്രാദേശിക മേഖലയിൽ നിന്നുള്ള 24 സർവകലാശാലകൾ, ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 19 സർവകലാശാലകൾ, അറബ് രാജ്യങ്ങളിൽ നിന്നുള്ള 47 സർവകലാശാലകൾ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള 84 സർവകലാശാലകളിലും നിന്നുള്ള മാധ്യമ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുക.
മാധ്യമരംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും, ഡിജിറ്റൽ കാലഘട്ടത്തിൽ മേഖലയിൽ വന്ന മാറ്റങ്ങൾ മനസിലാക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ വർധിപ്പിക്കാനും മാധ്യമ വ്യവസായത്തിൽ അനുഭവപരിചയം നൽകാനും ലക്ഷ്യമിട്ടാണ് ഈ വർഷത്തെ മാധ്യമ സമ്മേളനത്തിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസി വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നത്.
മാധ്യമങ്ങൾ എങ്ങനെ സമൂഹിക വികസനത്തിന് സംഭാവന ചെയ്യുന്നുവെന്നും മാധ്യമ സ്ഥാപനങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങൾ മനസിലാക്കുവാനും ഈ പ്ലാട്ഫോം വിദ്യാർഥികളെ സഹായിക്കും. പരിസ്ഥിതി, സുസ്ഥിരത, സ്പോർട്സ് , മാധ്യമ വിദ്യാഭ്യാസത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്നിവയുൾപ്പെടെ മൂന്ന് ദിവസങ്ങളിലായി ജിഎംസി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
യുഎഇ ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന്റെ നേതൃത്വത്തില് നടക്കുന്ന ഗ്ലോബല് മീഡിയ കോണ്ഗ്രസിന്റെ (ജിഎംസി) രണ്ടാം പതിപ്പ് നവംബർ 14 മുതൽ 16 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) നടക്കും.
ആഗോള മാധ്യമ സ്ഥാപനങ്ങള്, മാധ്യമ വിദഗ്ധര്, വിവിധ വ്യവസായങ്ങളിൽ നിന്നുള്ള പ്രമുഖർ, സ്വാധീനം ചെലുത്തുന്നവർ, അക്കാദമിക് വിദഗ്ധർ, മാധ്യമ വിദ്യാർത്ഥികൾ എന്നിവർ ആഗോള മാധ്യമ സമ്മേളനളത്തിന്റെ രണ്ടാം പതിപ്പിൽ പങ്കാളികളാകും.
ഗ്ലോബൽ മീഡിയ കോൺഗ്രസ് ലോകമെമ്പാടുമുള്ള മാധ്യമ മേഖലയുടെ ഭാവിയും ലോകമെമ്പാടുമുള്ള സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ സംഭാവനയും പരിശോധിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മാധ്യമ സംഘടനകൾ ഒത്തുചേരുന്ന ഒരു സുപ്രധാന ആഗോള സമ്മേളനമാണ് സംഘടിപ്പിക്കുന്നത്.