തുടർച്ചയായി രണ്ടു മത്സരത്തിൽ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചത് വിജയത്തിന് തുല്യമായ പ്രകടനമാണ്. നിസ്സാരക്കാരനല്ല കാൾസൻ. അഞ്ചുതവണയാണ് ലോക ചാമ്പ്യനായത്. അവസാനനിമിഷംവരെ വിജയത്തിലേക്ക് കളിമാറ്റാനുള്ള വൈദഗ്ധ്യമുണ്ട്. പ്രഗ്നാനന്ദയ്ക്ക് കറുത്ത കരുക്കളായിരുന്നു. നാലാമത്തെ നീക്കത്തിൽ കുതിരയെ പായിച്ച് നടത്തിയ അപ്രതീക്ഷിതനീക്കം കാൾസനെ ഞെട്ടിച്ചിരിക്കണം. വളരെ സൂക്ഷിച്ച് കളിക്കേണ്ട നീക്കമാണിത്. അത്രയും ആത്മവിശ്വാസത്തോടെയായിരുന്നു പരിചയസമ്പന്നനായ കാൾസനെതിരെ കൗമാരക്കാരന്റെ കളി.
മൈനസ് പൊസിഷനിൽ നന്നായി കളിക്കുന്ന താരമാണ് പ്രഗ്നാനന്ദ. തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുവരാനുള്ള കഴിവ് പ്രത്യേകതയാണ്. വെള്ളക്കരുക്കളാണെങ്കലും കാൾസന്റെ കളിയിൽ ആത്മവിശ്വാസമില്ലായിരുന്നു. പന്ത്രണ്ടാംനീക്കത്തിൽ മന്ത്രിയെ ബലികൊടുക്കാൻ ഇരുകൂട്ടരും തീരമാനിച്ചതോടെ കളി സമനിലയിലേക്ക് നീങ്ങി. ഇന്ന് ടൈബ്രേക്കിൽ പ്രഗ്നാനന്ദയുടെ അത്ഭുതത്തിനായി കാത്തിരിക്കാം.
എം ബി മുരളീധരൻ
(ഫിഡേ മാസ്റ്റർ,
സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി അംഗം)