ബാകൂ
നാഗലക്ഷ്മിക്ക് ചെസ് അറിയില്ല. പക്ഷെ നിഴൽപോലെ കൂടെയുണ്ട്. ചെസ് ലോകകപ്പ് ഫൈനൽ കളിച്ച ആർ പ്രഗ്നാനന്ദയുടെ അമ്മയാണ് ഈ വീട്ടമ്മ. അവന്റെ വിജയത്തിലും ഉയർച്ചയിലും താങ്ങും തണലുമായി നിൽക്കുന്നൊരമ്മ. വർഷങ്ങളായി അവനൊപ്പം യാത്രചെയ്യുന്ന നാഗലക്ഷ്മി ലോകകപ്പ് നടക്കുന്ന അസർബൈജാനിലെ ബാകുവിലുമുണ്ട്. ഉദ്വേഗത്തോടെ മകന്റെ കളി കാണുകയും അഭിമാനത്തോടെ അവന്റെ വിജയവഴികളിൽ കാത്തിരിക്കുകയും ചെയ്യുന്ന അമ്മയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ചെന്നൈയിലെ കുമരൻനഗറിലെ ചെറിയൊരു വീട്ടിൽനിന്നാണ് വരവ്. അച്ഛൻ രമേഷ് ബാബു ബാങ്ക് മാനേജരാണ്. മക്കളായ ആർ വൈശാലിയും പ്രഗ്നാനന്ദയും അമിതമായി ടെലിവിഷൻ കാണുന്നത് ഒഴിവാക്കാനുള്ള രക്ഷിതാക്കളുടെ തീരുമാനമാണ് ഇരുവരെയും ചെസിലേക്കെത്തിച്ചത്. ചേച്ചിയുടെ ചെസ് കളി കണ്ടിരുന്ന കൊച്ചു ‘പ്രഗ്ഗ’യും വൈകാതെ ചതുരക്കളത്തിലേക്ക് മൂക്കുകുത്തുകയായിരുന്നു. ഇരുവർക്കും യാത്രയിലും ചെസ് ക്ലാസിലും ടൂർണമെന്റുകളിലും അമ്മയായി കൂട്ട്. വൈശാലി വനിതാ ഗ്രാൻഡ്മാസ്റ്ററായപ്പോൾ അനിയൻ പ്രഗ്നാനന്ദ അതിനുമുകളിലേക്കും വളർന്നു.
മുൻ കളിക്കാരനായിരുന്ന പി ബി രമേഷിന്റെ അക്കാദമിയാണ് അവനിലെ ചെസ് താരത്തെ രൂപപ്പെടുത്തിയത്. ഇക്കുറി യാത്രയിൽ അച്ഛൻ രമേഷ് ബാബുവിനും കോച്ച് രമേഷിനും കൂടെപ്പോകാനായില്ല. പ്രഗ്നാനന്ദയുടെ വിജയത്തിന് അടിസ്ഥാനം അമ്മയുടെ കരുതലും സ്നേഹവുമാണെന്ന് ഇതിഹാസതാരം ഗാരി കാസ്പറോവ് സമൂഹമാധ്യമത്തിൽ കുറിച്ചു.
കളിയിൽ ഏകാഗ്രതയ്ക്കും ആത്മവിശ്വാസത്തിനും അമ്മയുടെ സാന്നിധ്യം പ്രധാനമാണെന്നാണ് പ്രഗ്നാനന്ദയുടെ പ്രതികരണം. കളത്തിൽ അവൻ ശാന്തനാണെന്ന് അമ്മ പറയുന്നു. ‘ചെറിയ പ്രായത്തിലും പെട്ടെന്നുള്ള വികാരങ്ങൾ നിയന്ത്രിക്കാൻ അവനറിയാം. അവന്റെ മുഖത്ത് അതൊന്നും കാണില്ല. പക്ഷേ മനസ്സ് എനിക്കറിയാം’.
ടൂർണമെന്റിന് പോകുമ്പോൾ ചെറിയൊരു ഇൻഡക്ഷൻ സ്റ്റൗവുമായാണ് നാഗലക്ഷ്മി പോകുക. ആവശ്യത്തിന് അരിയും അൽപ്പം മസാലയും കരുതും. അമ്മയുടെ ചോറും രസവുമാണ് ‘പ്രഗ്ഗ’യുടെ ഭക്ഷണം. ‘ചെസ് കളി എനിക്കറിയില്ല. പക്ഷെ, അവന്റെ മുഖം കണ്ടാൽ കളിയിലെ വിജയവും തോൽവിയും അറിയാനാകും’–- നാഗലക്ഷ്മി പറഞ്ഞു.