ബുഡാപെസ്റ്റ്
ഇന്ത്യയുടെ ദേശീയ റെക്കോഡുകാരൻ ജെസ്വിൻ ആൽഡ്രിൻ ലോക അത്ലറ്റിക്സിൽ പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ എട്ടു മീറ്റർ ചാടിയാണ് നേട്ടം. ഈ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. മലയാളിയായ എം ശ്രീശങ്കർ 7.74 മീറ്ററോടെ 22–-ാംസ്ഥാനത്തായി. ഫൈനൽ ഇന്ന് രാത്രി 11ന് നടക്കും.
തമിഴ്നാട്ടിലെ മുഡലൂർ ഗ്രാമത്തിൽനിന്നുള്ള ജെസ്വിൻ ആദ്യചാട്ടത്തിൽ എട്ടു മീറ്റർ പിന്നിട്ടു. അടുത്ത രണ്ടു ചാട്ടവും ഫൗളായി. ഇരുപത്തൊന്നുകാരന്റെ പേരിലുള്ള ദേശീയ റെക്കോഡ് 8.42 മീറ്ററാണ്. കഴിഞ്ഞതവണ ഫൈനലിലെത്താതെ പുറത്തായിരുന്നു. ഇക്കുറി ഫൈനലിലേക്കുള്ള യോഗ്യതാദൂരം 8.15 മീറ്ററായിരുന്നു. രണ്ടു ഗ്രൂപ്പിലായി 39 പേർ ചാടിയതിൽ മൂന്നു താരങ്ങളാണ് ഈ ദൂരം മറികടന്നത്. ബാക്കി ഒമ്പതുപേർ മികച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലെത്തി. 12 പേർക്കായിരുന്നു യോഗ്യത. പന്ത്രണ്ടാമനായാണ് ജെസ്വിൻ മെഡൽപോരാട്ടത്തിന് അർഹത നേടിയത്. ജമൈക്കയുടെ വെയ്ൻ പിന്നോക് 8.54 മീറ്റർ ചാടി ഈ സീസണിലെ മികച്ച ദൂരം കണ്ടെത്തി. നിലവിലെ ചാമ്പ്യൻ ചൈനയുടെ ജിയാനൻ വാങ് 8.34 മീറ്റർ താണ്ടി. ഒളിമ്പിക്സ് ചാമ്പ്യനും ഒന്നാംറാങ്കുകാരനുമായ ഗ്രീസിന്റെ മിൽതിയാഡിസ് ടെൻഡോഗ്ലു 8.25 മീറ്റർ ചാടി.
പാലക്കാട്ടുകാരനായ ശ്രീശങ്കർ തീർത്തും മങ്ങിപ്പോയി. കഴിഞ്ഞതവണ ഫൈനലിലെത്തി ഏഴാമതായിരുന്നു. ഇത്തവണ ആദ്യചാട്ടത്തിൽ 7.74 മീറ്ററാണ് ചാടിയത്. പിന്നീട് മുന്നേറാനായില്ല. അടുത്തത് 7.66 മീറ്റർ. അവസാനചാട്ടം 6.70 മീറ്ററിൽ ഒതുങ്ങി. വനിതകളൂടെ ജാവ്ലിൻത്രോയിൽ ദേശീയ റെക്കോഡുകാരി അന്നുറാണി 19–-ാംസ്ഥാനത്തായി. 12 പേർക്കാണ് ഫൈനലിലേക്ക് യോഗ്യത, എറിഞ്ഞ ദൂരം 57.05 മീറ്റർ. രണ്ടാമത്തെ ഏറ് പാഴായപ്പോൾ അവസാനത്തേത് 56.01 മീറ്ററിൽ ഒതുങ്ങി. 63.24 മീറ്ററാണ് ഉത്തർപ്രദേശുകാരിയുടെ പേരിലുള്ള ദേശീയ റെക്കോഡ്.
പുരുഷന്മാരുടെ ഹൈജമ്പിൽ ഇറ്റലിയുടെ ജിയാൻ മാർകോ ടെമ്പേരി 2.36 മീറ്റർ ചാടി സ്വർണമണിഞ്ഞു. കഴിഞ്ഞ ഒളിമ്പിക്സിൽ സൗഹൃദപ്പോരിൽ സ്വർണം പങ്കിട്ട ഖത്തറിന്റെ മുംതാസ് ഇസ ബാർഷിം ഇക്കുറി (2.30) മൂന്നാമതായി. അമേരിക്കയുടെ ജുവാൻ ഹാരിസനാണ് വെള്ളി. വനിതകളുടെ 1500 മീറ്ററിൽ കെനിയക്കാരി ഫെയ്ത്ത് കിപിഗൻ തുടർച്ചയായി മൂന്നാം ലോക കിരീടമണിഞ്ഞു. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ പാരുൾ ചൗധരി ഫെെനലിൽ കടന്നു. ഹീറ്റ്സിൽ നേടിയ അഞ്ചാംസ്ഥാനമാണ് തുണയായത് (9 മിനിറ്റ് 24.99). പോൾവോൾട്ടിലെ ലോകറെക്കോഡുകാരൻ സ്വീഡന്റെ അർമൻഡ് ഡുപ്ലെന്റിസ് ഫൈനലിലെത്തി.
ഇന്ന് ഏഴ് ഫൈനൽ
35 കിലോമീറ്റർ നടത്തം
(പുരുഷന്മാർ, വനിതകൾ) രാവിലെ 10.30
ലോങ്ജമ്പ് (പുരുഷന്മാർ) രാത്രി 11.00
ഹാമർത്രോ (വനിതകൾ) രാത്രി 11.45
100 മീറ്റർ ഹർഡിൽസ് (വനിതകൾ) രാത്രി 12.45
400 മീറ്റർ (പുരുഷന്മാർ) രാത്രി 12.55
400 മീറ്റർ ഹർഡിൽസ് (രാത്രി 1.10).