തുവ്വൂർ
‘ഈ ഗതി മറ്റാർക്കും ഇനിയുണ്ടാകരുത്. ഞങ്ങൾക്ക് അവളെ നഷ്ടപ്പെട്ടു. അവന് കടുത്ത ശിക്ഷതന്നെ കിട്ടണം’–- ആശ്വസിപ്പിക്കാനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനുമുന്നിൽ സുജിതയുടെ ഭർത്താവ് മനോജ് വികാരാധീനനായി. അവന് ഒറ്റയ്ക്ക് ഇത് ആസൂത്രണംചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും പിന്നിൽ പ്രവർത്തിച്ച മുഴുവൻപേരെയും പുറത്തുകൊണ്ടുവരണമെന്നും മനോജ് പറഞ്ഞു.
‘ഞങ്ങളുടെ സന്തോഷമാണ് അവൻ ഇല്ലാതാക്കിയത്. എന്തു തെറ്റാണ് അവൾ ചെയ്തത്. ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. എംഡിഎംഎ ഉൾപ്പെടെ ഉപയോഗിക്കുന്നവനാണ് എന്നും അറിയില്ലായിരുന്നു’– മനോജിന് സങ്കടം അണപൊട്ടി.
ബുധൻ പകൽ പന്ത്രണ്ടോടെയാണ് ഇ എൻ മോഹൻദാസ് പള്ളിപ്പറമ്പിലെ വീട്ടിൽ എത്തിയത്. സുജിതയുടെ സഹോദരൻ സുജീഷിനോടും മറ്റു ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞ അദ്ദേഹം മകൻ വിവേകിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. പ്രതികൾക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കാൻ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
സുജിത വധം: അന്വേഷണത്തിന്
പ്രത്യേകസംഘം
തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്റെ നേതൃത്വത്തിൽ കൊന്നു കുഴിച്ചുമൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. കരുവാരക്കുണ്ട് ഇൻസ്പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 17 പേർകൂടിയുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ മേൽനോട്ടം വഹിക്കും. അന്വേഷണപുരോഗതി ജില്ലാ പൊലീസ് മേധാവി വിലയിരുത്തും.
സുജിതയെ കാണാതായ 11മുതൽ കരുവാരക്കുണ്ട് പൊലീസാണ് കേസന്വേഷിക്കുന്നത്. കൊന്നു കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുംചെയ്തത് കരുവാരക്കുണ്ട് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും നടത്തിയ സമർഥമായ നീക്കത്തിലൂടെയായിരുന്നു.
കസ്റ്റഡിയിൽ വാങ്ങും
സുജിതയെ കൊന്ന കേസിൽ റിമാൻഡിലുള്ള വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, അച്ഛൻ മുത്തു, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരെ കസ്റ്റഡിയിൽ കിട്ടാൻ വ്യാഴാഴ്ച പൊലീസ് കോടതിയിൽ അപേക്ഷ നൽകും. തെളിവെടുപ്പ് പൂർത്തിയായാലേ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നതടക്കം വ്യക്തമാകൂ. സുജിത ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കിട്ടിയിട്ടില്ല. ആഗസ്ത് 11ന് പകൽ 11.42നാണ് അവസാന വിളി. അതിനുശേഷമാണ് സ്വിച്ച് ഓഫായത്. ഫോൺ തകർത്ത് അവശിഷ്ടങ്ങൾ ഉപേക്ഷിച്ചതായാണ് സൂചന.















