ഇടുക്കി
മിച്ചഭൂമിയിൽപ്പെട്ട ഭൂമി വാങ്ങി അനധികൃത റിസോർട്ട് നിർമിച്ച് വ്യാജ സത്യവാങ്മൂലം നൽകിയ മാത്യു കുഴൽനാടനെ വെള്ളപൂശി മാധ്യമങ്ങളും ചില ഉദ്യോഗസ്ഥരും രംഗത്ത്. അമ്പതുവർഷമായി പട്ടയഭൂമിയിലും കൈവശത്തിലുമായി പ്രവർത്തിക്കുന്ന സിപിഐ എം ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫീസും തോട്ടം തൊഴിലാളി ഓഫീസും കുഴൽനാടന്റെ തട്ടിപ്പുമായി കൂട്ടിക്കെട്ടാനാണ് ശ്രമം.
ഗോകുലംവീട്ടിൽ സരോജിനിയമ്മയുടെയും ബന്ധുക്കളുടെയും എട്ടുസെന്റ് ഭൂമിയാണ് പാർടി ഓഫീസ് നിർമിക്കാൻ 1977ൽ വാങ്ങിയത്. ഈ ഭൂമിക്ക് 1966ൽ 36/129 സർവേ നമ്പറായി പട്ടയമുണ്ട്. അഞ്ച് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഓഫീസിന് കെട്ടിട നികുതിയടക്കം അടയ്ക്കുന്നുണ്ട്. കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് വീണുകൊണ്ടിരുന്ന ഘട്ടത്തിലാണ് പുതുക്കിപ്പണിയാൻ തുടങ്ങിയത്. കോൺഗ്രസ് മുഖ്യമന്ത്രിമാർതന്നെ കൊണ്ടുവന്ന ഭൂപതിവ് ചട്ടങ്ങളുടെ ചുവടുപിടിച്ച് മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ കപട പരിസ്ഥിതി വാദികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നിർമാണവിലക്ക് വന്നിട്ടുള്ളത്.
മൂന്നാറിനെയും സമീപ പഞ്ചായത്തുകളെയും വിവിധ സോണുകളായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ്തന്നെ ഹർത്താൽ നടത്തി. ഇടുക്കി കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര സംരക്ഷണസമിതിയും പ്രതിഷേധ പരമ്പര തീർത്തു. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ ഭൂനിയമ ഭേദഗതി ബിൽ കൊണ്ടുവന്നപ്പോൾ ചാടിയെഴുന്നേറ്റതും കുഴൽനാടനായിരുന്നു. ബില്ല് നിയമമാകുന്നതോടെ തന്റെ റിസോർട്ടിന്റെ സാധ്യതകൾ ഇല്ലാതാവുമെന്നുള്ള ഭയംകൊണ്ടാണ് ബില്ലിനെ എതിർത്തത്. താമസത്തിനുവേണ്ടിയുള്ളതാണെന്ന് പറഞ്ഞും തെറ്റിദ്ധരിപ്പിച്ചു. അനധികൃത ആഡംബര റിസോർട്ടുമായി കൂട്ടിക്കെട്ടി എല്ലാവരും ഒരുപോലെയാണെന്ന് വരുത്താനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. റിസോർട്ട് പ്രവർത്തിക്കാൻ വഴിവിട്ട സഹായം നൽകിയ കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥ സംഘവും കുഴൽനാടനെ സഹായിക്കാൻ സജീവമായുണ്ട്.















