പാലക്കാട്
ചന്ദ്രയാൻ മൂന്ന് ദൗത്യ വിജയത്തിനുപിന്നാലെ പാലക്കാട് ഐടിഐക്ക് (ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്) പുതിയ ദൗത്യം നൽകി ഐഎസ്ആർഒ. വിക്ഷേപണ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന എച്ച്എസ്എംഎ (ഹെഡ് മൗണ്ട് സേഫ് ആം) നിർമിക്കാനാണ് ഐടിഐയോട് ഐസ്ആർഒ ആവശ്യപ്പെട്ടത്. 200 എണ്ണത്തിന്റെ ഓർഡർ നൽകി. മംഗൾയാനും ചാന്ദ്രയാനും നൽകിയ സേവനങ്ങളുടെ ഗുണനിലവാരംകൂടി പരിഗണിച്ചാണ് ഐടിഐക്ക് പുതിയ ദൗത്യം നൽകുന്നത്.
ദൗത്യത്തിലും ഐടിഐ പങ്കാളിയായിരുന്നു. രാജ്യത്തെ ബഹിരാകാശ ദൗത്യത്തിന് ആവശ്യമായ എച്ച്എസ്എംഎയും ആർഎംഎസ്എ (റിമോട്ട് മൗണ്ട് സേഫ് ആം) യും നിർമിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് പാലക്കാട് ഐടിഐ. വിക്ഷേപണ പേടകങ്ങൾ കൃത്യമായി ലാൻഡ് ചെയ്യാനാണ് എച്ച്എസ്എംഎയും ആർഎംഎസ്എയും ഉപയോഗിക്കുന്നത്. ഓരോ വിക്ഷേപണത്തിനും 10 മുതൽ 14 എച്ച്എസ്എംഎ ഉപയോഗിക്കാറുണ്ട്. 200 എണ്ണത്തിന് ഓർഡർ നൽകുക വഴി വരുന്ന ഒരുപാട് വർഷങ്ങളിൽ ഐഎസ്ആർഒയുടെ ദൗത്യത്തിൽ പാലക്കാടിന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പായി. ഐഎസ്ആർഒ നിർദേശിക്കുന്ന ഉന്നത നിലവാരം കൃത്യമായി പാലിച്ചാണ് ഐടിഐയുടെ നിർമാണം.
രാജ്യം അഭിമാന ചരിത്ര മുഹൂർത്തത്തിലൂടെ കടന്നുപോകുമ്പോൾ ജില്ലയുടെ കൈയൊപ്പുകൂടി ഉണ്ടെന്നുള്ളത് അഭിമാനാർഹമാണ്. നേരത്തേ ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ പങ്കാളിയായതിന് ഐടിഐയെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അഭിനന്ദിച്ചിരുന്നു.















