തിരുവനന്തപുരം> സര്ക്കാര് കോളേജുകളിലെ നിലവിലെ ഒഴിവുകളിലേക്ക് പ്രിന്സിപ്പാള്മാരെ താല്ക്കാലികമായി നിയമിച്ച് ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു.കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല് നിര്ദ്ദേശപ്രകാരം, ആദ്യം തിരഞ്ഞെടുത്ത 43 പേരില് വിരമിച്ച അഞ്ചുപേരും നിയമനത്തില്നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട രണ്ടുപേരും ഒഴികെ 36 പേര്ക്കാണ് താല്ക്കാലിക നിയമനം നല്കിയത്. ഇവര്ക്ക് തുടര്ന്നുള്ള പ്രിന്സിപ്പാള് നിയമന പ്രക്രിയയില് വീണ്ടും പങ്കെടുക്കേണ്ടിവരും.
നിയമനം താല്ക്കാലികമാകണമെന്നും മുഴുവന് അപേക്ഷകരും തുടര്ന്നുള്ള സിലക്ഷന് പ്രക്രിയയില് പങ്കെടുക്കണമെന്നുമുള്ള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്. മുഴുവന് തസ്തികകളിലേക്കുമുള്ള പ്രിന്സിപ്പാള് നിയമനത്തിന് നടപടിക്രമങ്ങള് എത്രയും വേഗം ആരംഭിക്കും – മന്ത്രി പറഞ്ഞു.















