കുവൈത്ത് സിറ്റി > ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വാക്സിനേഷൻ അടുത്ത സെപ്റ്റംബർ മൂന്നാം വാരത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷനുകളും അക്യൂട്ട് ബാക്ടീരിയൽ ന്യുമോണിയ (നെമോകോക്കൽ)ക്കെതിരായ വാക്സിനേഷനും ഇതിൽ ഉൾപ്പെടുമെന്നും മന്ത്രാലയം വിശദികരിച്ചു.
കോവിഡിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു . രാജ്യത്തെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണ്. ലോകത്തിലെ പല രാജ്യങ്ങളും പുതിയ വകഭേദത്തെ നീരീക്ഷിച്ചു വരികയാണ് . രോഗം ബാധിക്കുന്നവരിലെ വർദ്ധനയാണ് പുതിയ വകഭേദം ഉയർത്തുന്ന പ്രതിസന്ധി. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പിലൂടെയും അണുബാധകളിലൂടെയും നേടിയെടുത്ത പ്രതിരോധശേഷി കാരണം രോഗത്തിന്റെ തീവ്രത കുറവായിരിക്കും .
പുതിയ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടിവെച്ചേക്കുമെന്ന അഭ്യുഹങ്ങളെല്ലാം അധികൃതർ തള്ളിക്കളഞ്ഞു .ബന്ധപ്പെട്ട അതോറിറ്റികൾ നിശ്ചയിച്ച തിയ്യതിക്കനുസൃതമായി തന്നെ അധ്യയനവർഷം ആരംഭിക്കുമെന്ന് വൃത്തങ്ങൾ വിശദികരിച്ചു .