ജിദ്ദ> കനത്ത ചൂടുകാരണം സൗദിയിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകൾ വേനലവധി കഴിഞ്ഞ് തുറക്കുന്നത് സെപ്തംബർ 3ലേക്ക് നീട്ടി. റിയാദ്, ജിദ്ദ, ദമാം, ജുബൈൽ എന്നിവടങ്ങളിലെ സ്കൂളുകൾ എല്ലാം അതുവരെ അവധി പ്രഖ്യാപിച്ചു. സെപ്തംബർ മൂന്നു മുതലായിരിക്കും സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.
കനത്ത ചൂട് തുടരുന്നതിനാൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകൾക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ ക്ലാസുകൾ നടക്കും. ഓഗസ്റ്റ് 21 മുതൽ 31 വരെയാണിത്. കെജി മുതൽ എട്ടാം ക്ലാസ് വരെയുള്ളവർക്ക് 31 വരെ അവധിയാണ്. കെ.ജി മുതൽ 12 ക്ലാസുവരെയുള്ളവർക്ക് റഗുലർ ക്ലാസുകൾ സെപ്തംബർ മൂന്നിനാണ് തുടങ്ങുക. കുട്ടികൾ ഓൺലൈനിൽ ഹാജരാകണം.
അതേസമയം, റിയാദിൽ സേവ സ്കൂൾ, അൽയാസ്മിൻ, മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളുകളും അവധി നീട്ടി. അലിഫ് ഇന്റർനാഷണൽ സ്കൂൾ 22ന് തന്നെ തുറക്കും. 11.30 മണിവരെയാണ് സ്കൂൾ സമയം. അല്‍ആലിയ, യാര ഇന്റര്‍നാഷണല്‍, മോഡേണ്‍ സ്കൂളുകളും 22ന് തുറക്കും.