കൊച്ചി
പഴക്കൃഷിയെ തോട്ടവിളയായി കണക്കാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് വ്യവസായമന്ത്രി പി രാജീവ്.
ഭക്ഷ്യസംസ്കരണ മേഖലയ്ക്കായി കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച പ്രാദേശിക വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര ഭക്ഷ്യസംസ്കരണവകുപ്പും കേരള സർക്കാരും ചേർന്ന് നവംബർ മൂന്നുമുതൽ അഞ്ചുവരെ ഡൽഹി പ്രഗതി മൈതാനത്ത് നടത്തുന്ന വേൾഡ് ഫുഡ് ഇന്ത്യ വ്യവസായ സംഗമത്തിന് മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്.
തോട്ടവിളകളെ വ്യവസായവകുപ്പിനുകീഴിൽ എത്തിച്ചാണ് സംസ്ഥാന സർക്കാർ പുതിയ വ്യവസായനയം പ്രഖ്യാപിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് പഴക്കൃഷിയെക്കൂടി തോട്ടവിളയായി പരിഗണിക്കാനാകുമോയെന്ന് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കിൻഫ്ര വഴി 10 ചെറുകിട ഭക്ഷ്യസംസ്കരണ പാർക്കുകൾ ഉടൻ തുടങ്ങും. ലോകവിപണിയെ ലക്ഷ്യംവച്ചാകണം ഓരോ യൂണിറ്റും പ്രവർത്തിക്കേണ്ടതെന്നും സ്വകാര്യ വ്യവസായ പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ക്യാമ്പസ് വ്യവസായ പാർക്കുകൾ എന്നിവ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിൽ വലിയ പുരോഗതി കൊണ്ടുവരുമെന്നും പി രാജീവ് പറഞ്ഞു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് അഡീഷണൽ സെക്രട്ടറി മിൻഹാജ് ആലം, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ചെയർമാൻ പോൾ ആന്റണി എന്നിവരും സംസാരിച്ചു.
തൊടുപുഴ സ്പൈസസ് പാര്‍ക്ക്
അടുത്തമാസം തുറക്കും: പി രാജീവ്
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും മികച്ച വിപണി ലക്ഷ്യമിട്ട് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ (കിൻഫ്ര) തൊടുപുഴ സ്പൈസസ് പാർക്ക് സെപ്തംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
വയനാട് പാക്കേജിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ വില്ലേജ് കോഫി പാർക്ക് നിർമാണത്തിന് അന്താരാഷ്ട്ര കാപ്പിദിനമായ ഒക്ടോബർ ഒന്നിന് കല്ലിടാനാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ വ്യവസായസാധ്യത ചർച്ച ചെയ്യാൻ കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച പ്രാദേശിക വ്യവസായസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊടുപുഴ മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടിൽ 15 ഏക്കറിൽ 20 കോടി രൂപ ചെലവഴിച്ചാണ് സ്പൈസസ് പാർക്ക് വികസിപ്പിക്കുന്നത്. ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. 18 ഏക്കറിലാകും രണ്ടാംഘട്ടവികസനം.നാൽപ്പതോളം സംരംഭകർ ഇതിനകം പാർക്കിൽ വ്യവസായം തുടങ്ങാൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജനസത്ത്, സുഗന്ധവ്യഞ്ജനപ്പൊടികൾ, കറിപ്പൊടികൾ, മസാലകൾ, നിർജലീകരിച്ച സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ പാർക്കിൽനിന്ന് ലോകവിപണിയിൽ എത്തും.
വയനാട്ടിൽ 20 ഏക്കർ സ്ഥലത്താണ് കാപ്പിക്കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കാർബൺ ന്യൂട്രൽ വില്ലേജ് കോഫി പാർക്ക് വരുന്നത്. ഇതിനായി കേരള കോഫി ലിമിറ്റഡ് എന്ന കമ്പനിയുടെ രൂപീകരണനടപടി അവസാനഘട്ടത്തിലാണ്. വയനാടൻ കുന്നുകളിൽ വളരുന്ന കാപ്പി ആധുനിക സാങ്കേതികവിദ്യയിൽ പൊടിച്ചെടുത്ത് “വയനാടന്‍ കാപ്പി’ എന്ന് ബ്രാന്‍ഡ് ചെയ്ത് ആഗോളവിപണിയിൽ എത്തിക്കാനാണ് സർക്കാർ പദ്ധതി. സ്വകാര്യസംരംഭകർക്ക് കാർഷികോൽപ്പന്ന സംസ്കരണവ്യവസായം തുടങ്ങാനും പാർക്കിൽ സ്ഥലം ലഭ്യമാകും.