തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ച നൽകാൻ സംഘടനാ നേതാക്കളും മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ജീവനക്കാർക്ക് ഓണം അലവൻസ് 2750 രൂപവീതം നൽകും. സർക്കാർ 70 കോടി രൂപ അനുവദിച്ചു. ഓണം അഡ്വാൻസ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും എംഡി ബിജു പ്രഭാകർ സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകി. ജൂൺവരെയുള്ള പെൻഷനും അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
താൽക്കാലിക ജീവനക്കാർ, സ്വിഫ്റ്റ് ജീവനക്കാർ എന്നിവർക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെഎസ്ആർടിസിയുടെ വരുമാനം ഏഴുകോടിയിൽനിന്ന് ഒമ്പതു കോടിയാക്കി വർധിപ്പിക്കാൻ തൊഴിലാളി സംഘടനകൾ മുൻകൈ എടുക്കണമെന്ന എംഡിയുടെ നിർദേശം എല്ലാവരും അംഗീകരിച്ചു. കെഎസ്ആർടിഎ (സിഐടിയു), ടിഡിഎഫ്, ബിഎംഎസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. ഇതോടെ പണിമുടക്കിനുള്ള തീരുമാനത്തിൽനിന്ന് പിന്മാറിയതായി സംഘടനാ നേതാക്കൾ അറിയിച്ചു.