ഇരിട്ടി
മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം തുടർച്ചയായി ഉണ്ടായ സ്ഥലങ്ങളിൽ പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പതിച്ചു. മാവോയിസ്റ്റ് പ്രവർത്തകരോട് കീഴടങ്ങാൻ നിർദ്ദേശിക്കുന്നതും മുന്നറിയിപ്പുകളുമുള്ള പോസ്റ്ററുകളാണ് ആറളം, അയ്യങ്കുന്ന് പഞ്ചായത്ത് പരിധിയിലെ വന പരിസര പ്രദേശങ്ങളിൽ പതിച്ചത്. ഈ മേഖലയിൽ മാവോയിസ്റ്റുകൾ സായുധ പ്രകടനം, പോസ്റ്റർ പ്രചാരണം തുടങ്ങിയവ നടത്തിയിരുന്നു.
മാവോയിസ്റ്റ് പ്രവർത്തകർ കീഴടങ്ങിയാൽ അവരെ പുനരധിവാസിപ്പിക്കാൻ ബൃഹത്തായ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇത് മാനിക്കാനും കീഴടങ്ങാനുമുള്ള മുന്നറിയിപ്പാണ് നോട്ടീസിലെ ഉള്ളടക്കം. സഞ്ജയ് ദീപക് റാവു, സി പി മൊയ്തീൻ, സോമൻ, കവിത, സുന്ദരി തുടങ്ങി 18 മാവോയിസ്റ്റ് പ്രവർത്തകരുടെ ഫോട്ടോകളും പൊലീസ് പതിച്ച പോസ്റ്ററുകളിൽ ഉണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകുന്ന പ്രദേശങ്ങളിലെല്ലാം പൊലീസ് നടപടി ഭാഗമായി പോസ്റ്റർ അറിയിപ്പ് പതിച്ചു.