തിരുവനന്തപുരം
കുട്ടികളിലെ ഗണിതശേഷി വർധിപ്പിക്കാനുള്ള ‘മഞ്ചാടി’ പഠനരീതി സംസ്ഥാനത്തെ 101 വിദ്യാലയത്തിൽ ഗവേഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ -ഡിസ്ക്) മുഖേനയാണ് പഠനരീതി വികസിപ്പിച്ചത്.
ചെറുവത്തൂർ (കാസർകോട്), കുറുമാത്തൂർ, മുണ്ടേരി (കണ്ണൂർ), കൊയിലാണ്ടി, ചേവായൂർ (കോഴിക്കോട്), കാട്ടാക്കട (തിരുവനന്തപുരം) എന്നീ സബ്ജില്ലകളിലും സംസ്ഥാനത്തെ 30 മോഡൽ റസിഡൻഷ്യൽ സ്കൂളിലുമാണ് ഈവർഷം പദ്ധതി നടപ്പാക്കുക. വിദ്യാകിരണം മിഷന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് നിർവഹണം. ഗവേഷണാത്മക നേതൃത്വം എസ്സിഇആർടിക്കാണ്.
സംസ്ഥാനതല ശിൽപ്പശാല പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. എസ്എസ്കെ ഡയറക്ടർ എ ആർ സുപ്രിയ അധ്യക്ഷയായി. വിദ്യാകിരണം കോ–- ഓർഡിനേറ്റർ സി രാമകൃഷ്ണൻ, രതീഷ് കാളിയാടൻ, എം ഉഷ, കെ കെ ശിവദാസൻ, എ കെ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.