തിരുവനന്തപുരം
ഐടി മേഖലയിൽ ജോലിചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ കെടിഡിസിയുടെ വർക്കേഷൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രത്യേക വിനോദസഞ്ചാര പാക്കേജുകളുടേയും ടോൾഫ്രീ നമ്പറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരു ഉൾപ്പെടെയുള്ള ഐടി നഗരങ്ങളിൽനിന്ന് ധാരാളംപേരെ വർക്കേഷനിലേക്ക് ആകർഷിക്കാൻ വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ സാധിച്ചു. ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെടിഡിസിയും ടെക്നോപാർക്കും ചേർന്നുള്ള വർക്കേഷൻ പദ്ധതിയുടെ ധാരണപത്രം കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രനും ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി പാർക്സ്- കേരള (ടെക്നോപാർക്ക്) സിഇഒ സഞ്ജീവ് നായരും കൈമാറി. കെടിഡിസി ചെയർമാൻ പി കെ ശശി അധ്യക്ഷനായി. ടൂറിസം സെക്രട്ടറി കെ ബിജു, ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവർ സംസാരിച്ചു.
ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്ക് ടൂറിസം ഡെസ്റ്റിനേഷനുകളിൽ സമയം ചെലവഴിക്കുന്നതിനൊപ്പം ഓൺലൈനിൽ ജോലിയും ചെയ്യാനാകുന്ന പദ്ധതിയാണ് വർക്കേഷൻ. കെടിഡിസി മൊമന്റസ്, മാർവൽസ്, മാജിക് എന്നീ പുതിയ പാക്കേജുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന 18004250123 എന്ന ടോൾ ഫ്രീ നമ്പറുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചി-–-മൂന്നാർ-–-കുമരകം-–-കൊച്ചി (നാലു രാത്രിയും അഞ്ചു പകലും), കൊച്ചി-–-മൂന്നാർ-–-തേക്കടി-–-കുമരകം-–-കൊച്ചി (അഞ്ചു രാത്രിയും ആറു പകലും), കൊച്ചി-–-മൂന്നാർ-–-തേക്കടി-–-കുമരകം-–-കോവളം-–-തിരുവനന്തപുരം (ആറു രാത്രിയും ഏഴു പകലും) എന്നിവയാണ് പുതിയ പാക്കേജുകൾ. സഞ്ചാരികൾക്ക് ഇഷ്ടാനുസരണം ഡെസ്റ്റിനേഷൻ മാറ്റി ക്രമീകരിക്കാം.