തിരുവനന്തപുരം
മുഖ്യമന്ത്രിയെയും കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കാൻ നോക്കുന്ന മനോരമയുടെ യഥാർഥ രോഗം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂണിൽ ന്യൂയോർക്കിൽ വ്യക്തമാക്കിയിരുന്നു. തിങ്ങിനിറഞ്ഞ ലോക മലയാളി സമൂഹം ആ മറുപടിക്ക് നൽകിയ കരഘോഷം മനോരമയെ ചില്ലറയല്ല ചൊടിപ്പിച്ചത്. അന്ന് മുതലിങ്ങോട്ട് സകല സീമയും ലംഘിച്ചുള്ള പ്രതികാര മാധ്യമ പ്രവർത്തനമാണ് ഇവർ നടത്തുന്നത്. ഇതിന്റെ ഉദാഹരണമാണ് ചൊവ്വാഴ്ചത്തെ മുഖപ്രസംഗം. മുഖ്യമന്ത്രി മൗനം വെടിഞ്ഞ്, മറുപടി പറയണമെന്നാണ് ആവശ്യം. ന്യൂയോർക്കിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞതിന്റെ നീറ്റൽ ആ വരികളിലെല്ലാമുണ്ട്.
ജൂൺ പത്തിന് ന്യൂയോർക്കിൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മനോരമയുടെ രോഗം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. മേഖലാ സമ്മേളനം വിവാദമാക്കിയ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിവരിച്ചു. ഞരമ്പുരോഗത്തിന്റെ ഭാഗമായ ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ മുഖ്യമന്ത്രി എത്തുമ്പോൾ അടുത്ത് നിൽക്കാനും സെൽഫി എടുക്കാനും വൻ തുകയെന്ന നട്ടാൽ കുരുക്കാത്ത നുണയാണ് മനോരമ പ്രചരിപ്പിച്ചത്. ഇത് തന്നെ ഇകഴ്ത്തലല്ല, നമ്മുടെ നാടിനെയും നാടിന്റെ സംസ്കാരത്തെയും ഇകഴ്ത്തലാണെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.
കെട്ടുകഥയ്ക്കും
മറുപടി വേണോ
സിഎംആർഎല്ലിന് കൺസൾട്ടൻസി സേവനം നൽകിയ എക്സാലോജിക് കമ്പനിയും അതിന്റെ എംഡിയായ വീണയും സ്വീകരിച്ച പ്രതിഫലത്തിലും മുഖ്യമന്ത്രിയുടെ മറുപടി മനോരമ ആവശ്യപ്പെടുന്നു. വീണയോ എക്സാലോജിക് എന്ന കമ്പനിയോ എന്തെങ്കിലും നികുതി വെട്ടിപ്പ് നടത്തിയതായി രാജ്യത്തെ ഒരു ഏജൻസിയും പറഞ്ഞിട്ടില്ല. എക്സാലോജിക്കിനോ സിഎംആർഎല്ലിനോ വഴിവിട്ട് എന്തെങ്കിലും സഹായം സർക്കാരോ മുഖ്യമന്ത്രിയോ ചെയ്തതായും ആർക്കും പരാതിയില്ല. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ നികുതി വെട്ടിപ്പ് നടന്നെന്നും പറയുന്നില്ല. കൺസൾട്ടൻസി കമ്പനിക്ക് നൽകിയ പ്രതിഫല തുക സിഎംആർഎൽ തങ്ങളുടെ ആദായ നികുതി ഇളവിനായുള്ള കണക്കിൽ ഉൾപ്പെടുത്തിയെന്ന വാദം മാത്രമാണ് റിപ്പോർട്ടിലുള്ളത്. ഇത് സംബന്ധിച്ച വിശദീകരണം സിഎംആർഎല്ലും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് മനോരമയുടെ കെട്ടുകഥയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകണമെന്ന തൊടുന്യായം മനോരമ ഉയർത്തുന്നത്.