കൊച്ചി
കൈക്കൂലി വാങ്ങിയതിന് കോഴിക്കോട് സ്പെഷ്യൽ കോടതി വെറുതെ വിട്ട വില്ലേജ് ഓഫീസറെ ഹെെക്കോടതി ശിക്ഷിച്ചു. കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ പുതുശേരിക്കടവ് പെരുമ്പള്ളിക്കാട്ടിൽ കുഞ്ഞപ്പനെയാണ് ശിക്ഷിച്ചത്. കൈക്കൂലി വാങ്ങിയതിന് ആറുമാസം തടവും 10,000 രൂപ പിഴയും ഔദ്യോഗിക കൃത്യവിലോപത്തിന് ഒരുവർഷം തടവും 15,000 രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ രണ്ടുമാസംവീതം തടവുമാണ് ശിക്ഷ. വയനാട് കാഞ്ഞിരങ്ങാട് മരങ്ങാട്ടിൽ മാത്യുവിന്റെ കൈയിൽനിന്നാണ് സ്ഥലത്തിന് പട്ടയം നൽകാനായി കൈക്കൂലി വാങ്ങിയത്.
മാത്യുവിന്റെ പേരിലുള്ള അഞ്ചുസെന്റ് വസ്തുവിനും അച്ഛൻ ചാക്കോയുടെ പേരിലുള്ള 4.95 ഏക്കർ വസ്തുവിനും പട്ടയം ലഭിക്കാൻ മാനന്തവാടി ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയിരുന്നു. വസ്തുക്കൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലാൻഡ് ട്രിബ്യൂണൽ നിർദേശിച്ച കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ കുഞ്ഞപ്പൻ, മാത്യുവിനോട് 3000 രൂപ കൈക്കൂലിയും ആദ്യഗഡുവായി 1000 രൂപയും ആവശ്യപ്പെട്ടു.
വിജിലൻസിനെ അറിയിച്ചശേഷം അവരുടെ നിർദേശപ്രകാരം ഫിനോഫ്തലിൻ പുരട്ടിയ 1000 രൂപയാണ് നൽകിയത്. കൈക്കൂലി വാങ്ങുന്നതിനിടെ പ്രതിയെ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസറുടെയും കൽപ്പറ്റ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണൽ ജില്ലാ ഓഫീസറുടെയും സാന്നിധ്യത്തിൽ വിജിലൻസ് പിടികൂടി. എന്നാൽ, വില്ലേജ് ഓഫീസറെ കേസിൽപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കണ്ടെത്തി കോഴിക്കോട് സ്പെഷ്യൽ കോടതി കുഞ്ഞപ്പനെ വെറുതെ വിട്ടു.
ഇതിനെതിരെ വിജിലൻസ് സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ് രേഖ എന്നിവർ മുഖേന നൽകിയ അപ്പീലിലാണ് കുഞ്ഞപ്പൻ കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. സ്പെഷ്യൽ കോടതിവിധി നിലനിൽക്കില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിലയിരുത്തി.