മലപ്പുറം
തുവ്വൂരിൽ സുജിതയെ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു അരുംകൊലചെയ്തത് കോൺഗ്രസ് വിജയാഘോഷത്തിന് ശേഷം. തുവ്വൂർ പഞ്ചായത്തിലെ 11–-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആഗസ്ത് 11നായിരുന്നു. കോൺഗ്രസ് വിജയിച്ചതിന്റെ പ്രകടനത്തിന് ശേഷമായിരുന്നു കൊലപാതകം. സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം ക്രൂരകൃത്യത്തിനു പിന്നിലുണ്ടായിരുന്നു. ഒരേ കെട്ടിടത്തിന്റെ രണ്ട് ഭാഗത്താണ് വിഷ്ണുവും സുജിതയും ജോലി ചെയ്തത്. സംഭവ ദിവസം രാവിലെ ഇയാൾ പലതവണ സുജിതയെ വിളിച്ചു. ഇത് പരിശോധിച്ചാല് കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാൽ അതു നേരിടാൻ തയ്യാറെടുത്തു. കൂട്ട് പ്രതികളോട് ഒന്നുമറിയാത്തരീതിയില് നടക്കാൻ പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കോണ്ക്രീറ്റിടാനും പടവ് കെട്ടാനും പദ്ധതിയുമിട്ടു. മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ സംശയത്തിന് ഇടകൊടുക്കാതെയാണ് മറുപടി നൽകിയതും. സുജിത തൃശൂരുള്ള ഏതോ ഒരാളുടെ കൂടെ പോയി എന്ന് പ്രചരിപ്പിച്ചു.
വിഷ്ണുവിനെയും സഹോദരങ്ങളെയും കൂടാതെ ഭാര്യയും അച്ഛനും അമ്മയും സഹോദരിയുമാണ് ഇവരുടെ വീട്ടിലുള്ളത്. ഡെങ്കിപ്പനിയായതിനാൽ അമ്മയും പ്രസവശുശ്രൂഷയ്ക്കായി ഭാര്യയും അവരവരുടെ വീടുകളിലായിരുന്നു. കൊലപാതകസമയം പുറത്തായിരുന്ന അച്ഛൻ മുത്തുവിനെ വിഷ്ണു വിവരം അറിയിച്ചു. വൈകിട്ട് സ്കൂൾ വിട്ടുവന്ന മകളെ മുത്തു അമ്മവീട്ടിലേക്ക് കൊണ്ടുപോയി.
സ്വർണക്കടയിൽനിന്ന്
മുൻകൂർ പണംവാങ്ങി
സ്വർണം തരാമെന്നു പറഞ്ഞ് തുവ്വൂരിലെ സോന ജ്വല്ലറിയിൽനിന്ന് ആഗസ്ത് ഒമ്പതിന് വിഷ്ണു ഒരുലക്ഷം രൂപ മുൻകൂർ വാങ്ങി. കൊലപാതകശേഷം ഇവിടെയും മുജീബിന്റെ കട എന്നറിയപ്പെടുന്ന ജ്വല്ലറിയിലുമായാണ് സുജിതയുടെ സ്വർണം വിറ്റത്. പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പരേതനായ ഉണ്ണിക്കൃഷ്ണന്റെയും ചന്ദ്രികയുടെയും മകളാണ് സുജിത.
നേതാക്കളുമായി അടുത്തബന്ധം
സുജിത വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം. എ പി അനിൽകുമാർ എംഎൽഎ, വി എസ് ജോയ് എന്നിവർക്കൊപ്പം നിൽക്കുന്ന വിഷ്ണു, ഇവർക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിഷ്ണുവിനെ പിടികൂടിയതോടെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ഉന്നത കോൺഗ്രസ് നേതാവ് പൊലീസിൽ വിളിച്ചതായാണ് വിവരം.
തുവ്വൂർ പഞ്ചായത്തിലെ കോൺഗ്രസിന്റെ പ്രധാന നേതാവെന്ന നിലയിലാണ് പഞ്ചായത്ത് ഓഫീസിൽ തൊഴിലുറപ്പു വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപറേറ്ററായി ജോലി നൽകിയത്. ഇവിടുത്തെ ബന്ധം ഉപയോഗിച്ച് നിരവധി സ്ത്രീകളിൽനിന്ന് സ്വർണം വാങ്ങി പണയംവയ്ക്കുകയും തിരിച്ചുകൊടുക്കാത്തതിനാൽ പ്രശ്നമുണ്ടാവുകയും ചെയ്തിരുന്നു. ഈ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ സുജിതയിൽനിന്ന് പണം വാങ്ങിയതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്. വിഷ്ണുവിന്റെ സഹോദരങ്ങളും പിടിയിലായ മുഹമ്മദ് ഷിഹാനും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. സഹോദരൻ വൈശാഖിനെതിരെ പാണ്ടിക്കാട് സ്റ്റേഷനിൽ പോക്സോ കേസുമുണ്ട്.
കോൺഗ്രസ് ഓഫീസിലെ രാധയുടെ
കൊലപാതകത്തിന് സമാനം
കോൺഗ്രസ് ഓഫീസിൽ തൂപ്പു ജോലിക്കാരിയായിരുന്ന ചിറക്കൽ രാധയെ കൊലപ്പെടുത്തിയ നിലമ്പൂരിൽനിന്ന് ഏറെ അകലെയല്ല സുജിതയെ കൊന്നുകുഴിച്ചുമൂടിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്റെ വീട്. രാധയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ചുള്ളിയോട്ടെ കുളത്തിൽ ഉപേക്ഷിച്ചു. തെളിവുകൾ തേച്ചുമായ്ച്ചുകളയാനും ശ്രമിച്ചു. ദിവസങ്ങൾക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെല്ലാം കോൺഗ്രസുകാരായിരുന്നു. സമാനമായ രീതിയിലാണ് സുജിതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ് മാലിന്യക്കുഴിയിലിട്ട് മൂടിയത്.
2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം 10ന് ചുള്ളിയോട് ഉണ്ണികുളത്തെ കോൺഗ്രസ് നേതാവിന്റെ പറമ്പിലെ കുളത്തിലാണ് കണ്ടെത്തിയത്. തെളിവുകൾ മായ്ച്ചുകളയാൻ സംഭവം നടന്ന കോൺഗ്രസ് ഓഫീസ് കഴുകി വൃത്തിയാക്കുകയുംചെയ്തു. 12 വർഷം കോൺഗ്രസ് നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുജോലിക്കാരിയായിരുന്നു രാധ. മൃതദേഹം കണ്ടെത്തിയ ഉടൻതന്നെ ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ബിജു, സുഹൃത്ത് ഷംസുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബിജുവിന്റെ അവിഹിതബന്ധം അറിയാമായിരുന്ന രാധ അതുപറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവരെ കൊലപ്പെടുത്തിയെന്നായിരുന്നു അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.