കൊല്ലം
ഓണക്കിറ്റുകളിലേക്കുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ അതിവേഗം തയ്യാറാക്കി കാഷ്യൂ കോർപറേഷനും കാപ്പക്സും. ബുധനാഴ്ച ഇവ സിവിൽ സപ്ലൈസ് ഗോഡൗണുകളിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ് കാഷ്യൂ കോർപറേഷനിലെയും കാപ്പക്സിലെയും തൊഴിലാളികളും ജീവനക്കാരും. ആയിരത്തോളം തൊഴിലാളികൾ മൂന്നുദിവസംകൊണ്ട് ആറുലക്ഷം ഓണക്കിറ്റിലേക്കുള്ള പരിപ്പ് പാക്കറ്റിലാക്കി. കാഷ്യൂ കോർപറേഷന്റെ അയത്തിൽ, കായംകുളം, കാപ്പക്സിന്റെ ചാത്തന്നൂർ ഫാക്ടറികളിലാണ് പാക്കറ്റുകൾ തയ്യാറാക്കുന്നത്.
പാക്കറ്റ് നിറയ്ക്കുന്ന സ്ഥലങ്ങളിൽ കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 25നകം കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ ഗോഡൗണുകളിലേക്ക് എത്തിക്കണമെന്നാണ് സർക്കാർ അറിയിച്ചതെങ്കിലും 23നുതന്നെ എല്ലാ ഡിപ്പോകളിലും പാക്കറ്റുകൾ എത്തിക്കാൻ കഴിയുമെന്ന് കാഷ്യൂ എസ് ജയമോഹനും എം ശിവശങ്കരപ്പിള്ളയും പറഞ്ഞു.
ഇത്തവണയും ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് ഉൾപ്പെടുത്തിയത് ധനമന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, വ്യവസായ മന്ത്രി പി രാജീവ് എന്നിവരുടെ ഇടപെടലിലൂടെയാണ്.