ബംഗളൂരു>ചന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ പ്രകാശ് രാജിനെതിരെ കേസ്. ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് നടനെതിരെ കേസെടുത്തത്.
ആഗസ്ത് 20നായിരുന്നു ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽ നിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ചായ പകരുന്ന ഒരു കാരിക്കേച്ചറായിരുന്നു പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിനു പിന്നാലെ രാജ്യത്തിന്റെ അഭിമാനകരമായ ദൗത്യത്തെ പരിഹസിക്കുന്നത് കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു.