തിരുവനന്തപുരം > മലപ്പുറം തുവ്വൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ നേതൃത്വത്തിൽ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. കൊലക്ക് പിറകിലുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒരു സ്ത്രീയെ കൊന്ന് കുഴിച്ചിട്ട ശേഷം അവരെ കാണ്മാനില്ല എന്ന് നവമാധ്യമങ്ങളിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിന്റെ മാനസികാവസ്ഥ വന്യജീവികളെ പോലും നാണിപ്പിക്കുന്നതാണ്. ഈ സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ ഒരു മാർച്ച് തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരാളെ കൊലപ്പെടുത്തി അവരെ കുഴിച്ചുമൂടിയ ശേഷം അതേ ആളുകൾ പോലീസിന്റെ കെടുകാര്യസ്ഥത ആരോപിച്ച് കൊണ്ട് സർക്കാർ വിരുദ്ധ മുദ്രാവാക്യം ഉയർത്തുവാൻ വേണ്ടി മാർച്ച് തീരുമാനിച്ച സംഭവം മനസാക്ഷി അൽപം എങ്കിലും ഉള്ള ആളുകൾക്ക് ചിന്തിക്കാൻ വേണ്ടി കഴിയുന്ന കാര്യമല്ല.
മുമ്പും ഇതുപോലെ ഉള്ള ഒട്ടനവധി സംഭവങ്ങളിൽ കൊലയാളികളെ സംരക്ഷിക്കുന്ന സമീപനം കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ധീരജ് കൊല കേസ് പ്രതി നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാക്കിയതും
നിലമ്പൂരിലെ രാധ എന്ന സ്ത്രീയെ കോൺഗ്രസ് ഓഫീസിൽ വെച്ച് കൊലപ്പെടുത്തിയ മൃഗീയതയും കേരളം മറന്നിട്ടില്ല.
ഇനി ഇത്തരക്കാർ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വേറെ ആരൊക്കെ ഉണ്ട് എന്നുള്ളത് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലും വ്യക്തമാക്കേണ്ടതുണ്ട്. ചാണ്ടി ഉമ്മനു വേണ്ടി കൊലകേസ് പ്രതികൾ ഉൾപെടെ പുതുപ്പള്ളിയിൽ പ്രചരണം നടത്തുന്നുണ്ടെന്നുള്ളത് ഇത്തരകാർക്ക് കോൺഗ്രസ് സംരക്ഷണം ലഭിക്കുന്നതിന്റെ തെളിവാണ്.
കോൺഗ്രസ് നേതാവ് എ പി അനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തിവരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണുവാണ് കൊലക്ക് നേതൃത്വം നൽകിയത് എന്നതിനാൽ ഇത്രയും ദിവസം ഇയാളെ സംരക്ഷിച്ചത് ആരെന്നും ഈ വിഷയം മൂടി വെക്കുന്നതിലും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ യുഡിഎഫ് തീരുമാനിച്ചതിനും പിറകിലുള്ള ഗൂഢാലോചനയിൽ കോൺഗ്രസിനെ നേതൃത്വത്തിന്റെ പങ്ക് അറിയേണ്ടതുണ്ട്.
മലപ്പുറം തുവ്വൂരിൽ നടന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കൊലപാതകത്തിൽ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുന്നതായും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് ആർ. അരുൺ ബാബു, എം.വിജിൻ എം എൽ എ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം മഹേഷ് ചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.