മൂലമറ്റം > “വിരലിനെന്ത് പറ്റിയെന്ന് ചോദിച്ചാല് മൂന്നാറിലെ അലോഷിക്ക് കൈ കൊടുത്തതാന്ന് പറഞ്ഞാമതി”. ഫഹദ് ഫാസില് നായകനായ ഇയ്യോബിന്റെ പുസ്തകത്തിലെ പഞ്ച് ഡയലോഗ് ആരും മറന്നിട്ടുണ്ടാകില്ല. പക്ഷേ ഇത് ചിത്രീകരിച്ചതെവിടെയാണെന്ന് പലര്ക്കും അറിയില്ല. ഉളുപ്പുണി കവന്ത മലയിടുക്കിന്റെ സൗന്ദര്യമാണ് ഈ രംഗത്തിന്റെ പശ്ചാത്തല മനോഹാരിത. അതിസുന്ദര മൊട്ടക്കുന്നുകളും നിഗൂഢ മലയിടുക്കുകളുമാണ് പ്രദേശത്ത് കാഴ്ച വിസ്മയം ഒരുക്കുന്നത്. തഴുകിയകലുന്ന വൈകുന്നേരക്കാറ്റും ഇളകിയാടുന്ന നീളൻ പുല്ച്ചെടികളും മനം മയക്കുമെന്നുറപ്പ്. ഒരാള്പ്പൊക്കത്തിലാണ് പുല്ലുകള്.
പുൽമേടുകളും ചോലവനങ്ങളും ഇടതൂർന്ന് നിൽക്കുന്ന ദൂരക്കാഴ്ചയ്ക്കപ്പുറം മലനിരകളോട് കിന്നാരം പറയുന്ന കോടമഞ്ഞിന്റെ ഒളിച്ചുകളി കണ്ണിനും മനസിനും കുളിരാകും. മൂലമറ്റം പട്ടണവും കുളമാവ് അണക്കെട്ടും ഇവിടെനിന്ന് ദൃശ്യമാണ്. ചില സമയങ്ങളില് കാട്ടാനകളെയും കാണാം. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെപ്പോലെ ‘ഫേമസ്’ അല്ലെങ്കിലും സുന്ദര നിമിഷങ്ങള് ആസ്വദിക്കാൻ ജനം എത്തിത്തുടങ്ങിയിട്ടുണ്ട്.
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്ക്ക് കവന്ത പറ്റിയയിടമാണ്. സാഹസിക യാത്രയ്ക്ക് ജീപ്പുകളും കിട്ടും. വാഗമണില്നിന്ന് ഉളുപ്പുണി റൂട്ടിലാണ് ജീപ്പുകളുടെ ഓഫ്റോഡിങ്. ട്രക്കിങ് ഇഷ്ടമുള്ളവര്ക്ക് ഒരു കിടിലം അനുഭവവും കവന്ത സമ്മാനിക്കും. വാഗമൺ ചോറ്റുപാറയിൽനിന്ന് വലതുവശത്തേയ്ക്ക് പോയാൽ ഉളുപ്പുണിയിലെത്തും. അവിടെനിന്ന് മൂലമറ്റത്തേയ്ക്കുള്ള വഴിയിലാണ് കവന്ത. മൂലമറ്റത്തുനിന്ന് ആശ്രമം വഴിക്ക് 10 കിലോമീറ്റര് സഞ്ചരിച്ചാല് ഏകാന്ത മലമുകളായ കവന്തയിലെത്താം.