തൃശൂർ
കോൺഗ്രസ് പ്രവർത്തകസമിതിയിൽനിന്ന് വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ തഴഞ്ഞതിനുപിന്നിൽ കേരളത്തിലെ ചില നേതാക്കളുടെ ചരടുവലിയെന്ന് പരാതി. പൊതുപ്രവർത്തനം അവസാനിപ്പിച്ച് ഡൽഹിയിൽനിന്ന് മടങ്ങി വിശ്രമ ജീവിതം നയിക്കുന്ന എ കെ ആന്റണിയെ വീണ്ടും പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയപ്പോഴാണ് ഈ വിവേചനം. ഇതുസംബന്ധിച്ച് എഐസിസി നേതൃത്വത്തിന് തൃശൂരിൽ നിന്ന് പരാതി അയച്ചു.
ആന്റണിയോളം സീനിയറും ദേശീയതലത്തിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത നേതാവാണ് മുല്ലപ്പള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയർമാനും രണ്ടുതവണ കേന്ദ്ര മന്ത്രിയുമായി. സുധീരനാകട്ടെ മധ്യകേരളത്തിൽ സ്വാധീനമുള്ള നേതാവും ഇവർക്കൊപ്പം സീനിയറുമാണ്. ഒരേസമുദായത്തിൽനിന്ന് മൂന്നുപേർ കോൺഗ്രസിന്റെ ഉന്നത സമിതിയിൽ എത്തുന്നത് ഇത് ആദ്യമാണെന്നും ഐ വിഭാഗം ആരോപിച്ചു. ജാതി–-മത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് സ്ഥാനങ്ങൾ തീരുമാനിക്കുന്നതെന്ന കോൺഗ്രസിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ തെളിഞ്ഞതായും പരാതിയിലുണ്ട്. തൃശൂരിലെ മുപ്പതോളം നേതാക്കളാണ് പരാതിക്ക് പിന്നിൽ.















