തിരുവനന്തപുരം
വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷയിലെ ഹൈടെക് കോപ്പിയടിക്കു പിന്നിൽ വൻ ആൾമാറാട്ടം. ഹരിയാനക്കാരായ അഞ്ചുപേർ അറസ്റ്റിലായി. ഒരാളെ കസ്റ്റഡിയിലെടുത്തു. ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് കോപ്പിയടിക്കു പിന്നിലെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തവരെ കൂടാതെ ഹരിയാന ജിണ്ട് സ്വദേശികളായ സോനു സിങ്, ജഗ്ദീപ്, അമിത് എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊലീസ് പിടിച്ച രണ്ടുപേർ ആൾമാറാട്ടം നടത്തിയതായും വ്യക്തമായി. ഞായറാഴ്ച പിടിയിലായപ്പോൾ സുമിത് (25), സുനിൽ (25) എന്നീ പേരുകളാണ് പ്രതികൾ പറഞ്ഞത്. ചോദ്യം ചെയ്യലിൽ ഇത് അപേക്ഷകരുടെ പേരുകളാണെന്നും പിടിയിലായത് മനോജ്കുമാർ, ഗൗതം ചൗഹാൻ എന്നിവരാണെന്നും തെളിഞ്ഞു. ഗൗതം ചൗഹാന്റെ സഹായിയെന്ന് സംശയിച്ചാണ് അമിതിനെ മ്യൂസിയം പൊലീസ് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ മറ്റൊരു കേന്ദ്രത്തിൽ ആളുമാറി പരീക്ഷയെഴുതിയെന്ന് വ്യക്തമായി. ഇയാളെ കന്റോൺമെന്റ് പൊലീസിന് കൈമാറി.
പിടിയിലായവരാരും പരീക്ഷാർഥികളല്ല. ആളുമാറി പരീക്ഷയെഴുതിയവരാണിവർ. യഥാർഥ അപേക്ഷകരിൽനിന്ന് വൻതുക പ്രതിഫലം വാങ്ങിയാണ് ഇവർ പരീക്ഷയ്ക്കെത്തിയത്. മൊബൈൽ ഫോൺ ക്യാമറ വഴി ചോദ്യപേപ്പർ ചോർത്തി നൽകി ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സഹായത്തോടെ ഉത്തരം എഴുതുകയായിരുന്നു.
ടെക്നീഷ്യൻ ബി തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ തിരുവനന്തപുരത്തെ പത്ത് പരീക്ഷാകേന്ദ്രത്തിൽ ഹരിയാനയിൽനിന്നുമാത്രം 489 അപേക്ഷകരുണ്ടായിരുന്നു. ഇതിൽ 80 പേർ പരീക്ഷയെഴുതി. ഇവരിൽ എത്രപേർ യഥാർഥ അപേക്ഷകരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം ചെന്നൈ നുങ്കംപാക്കത്ത് ഡിഫൻസ് സർവീസ് സി ഗ്രൂപ്പ് പരീക്ഷയിൽ കോപ്പിയടിച്ച 29 ഹരിയാനക്കാർ പിടിയിലായിരുന്നു. ഇതിനു സമാനമായ കോപ്പിയടിയാണ് വിഎസ്എസ്സിയിലും നടന്നതെന്ന് പൊലീസ് പറയുന്നു.
അന്വേഷണത്തിന് പ്രത്യേക സംഘം
ഹൈടെക് കോപ്പിയടി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരന്റെ നേതൃത്വത്തിൽ മ്യൂസിയം, മെഡിക്കൽകോളേജ്, കന്റോൺമെന്റ്, സൈബർസെൽ ഇൻസ്പെക്ടർമാരാണ് സംഘത്തിലുള്ളത്. വൈകാതെ അന്വേഷകസംഘം ഹരിയാനയിലേക്ക് പോകും.
പരീക്ഷകൾ റദ്ദാക്കി
വിഎസ്എസ്സി പരീക്ഷയിൽ വൻ കോപ്പിയടി പിടികൂടിയതോടെ കഴിഞ്ഞ ദിവസം നടന്ന പരീക്ഷകൾ വിഎസ്എസ്സി റദ്ദാക്കി. ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ എ പരീക്ഷകളാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി ഉടൻ വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് വിഎസ്എസ്സി അറിയിച്ചു.















