ന്യൂഡൽഹി
മണിപ്പുരിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചത് പ്രകാരം തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേർന്നില്ല. മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അനസൂയ ഉയിക്കെ അംഗീകാരം നൽകാത്തതിനാല് സമ്മേളനം ഉപേക്ഷിച്ചു. നിയമസഭാ വിളിച്ചുചേർക്കാനാകാത്ത മണിപ്പുരിൽ കടുത്ത ഭരണഘടനാ പ്രതിസന്ധിയാണ് ഉടലെടുത്തെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ആഗസ്ത് 21ന് സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ ഔദ്യോഗികമായി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശുപാർശയ്ക്ക് ഗവർണര് അംഗീകാരം നല്കിയില്ലെന്നുമാത്രമല്ല, എന്തുകൊണ്ടാണ് സഭ വിളിച്ചുചേർക്കാത്തതെന്ന് അറിയിച്ചിട്ടുമില്ല.അറുപതംഗ നിയമസഭയിൽ 10 കുക്കി എംഎൽഎമാരും 10 നാഗ എംഎൽഎമാരുമുണ്ട്. ഇംഫാലിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സുരക്ഷാകാരണങ്ങളാൽ പങ്കെടുക്കാനാകില്ലെന്ന് കുക്കി എംഎൽഎമാർ അറിയിച്ചിരുന്നു. സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കാൻ നാഗ എംഎൽഎമാരോട് യുണൈറ്റഡ് നാഗ കൗൺസിൽ ആവശ്യപ്പെടുകയും ചെയ്തു. ശേഷിക്കുന്ന 40 മെയ്ത്തീ എംപിമാരിൽ വിമത ബിജെപി എംഎൽഎമാർകൂടി ഉൾപ്പെടുന്നുണ്ട്. ബിരേൻ സിങ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന നിലപാടാണ് ബിജെപി വിമതർക്കുള്ളത്.
നിയമസഭയിൽ ബിരേൻ സിങ്ങിന് ഭൂരിപക്ഷമില്ലെന്ന വിലയിരുത്തലിലാണോ ഗവർണർ സമ്മേളനം വിളിച്ചുചേർക്കാത്തതെന്ന ചോദ്യമാണ് ഉയരുന്നത്. 2016ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം മുഖ്യമന്ത്രിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ മന്ത്രിസഭയുടെ ഉപദേശപ്രകാരം ഗവർണർ നിയമസഭ വിളിക്കേണ്ടതാണ്. മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിക്കാത്ത സാഹചര്യത്തിൽ സർക്കാരിന് തുടരാനുള്ള അവകാശം നഷ്ടമായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.















